ആലപ്പുഴ: കാലവർഷം ആദ്യപാതി പിന്നിടുമ്പോൾ സംസ്ഥാനത്ത് ഇത്തവണയും ശരാശരി മഴ ലഭിച്ചില്ല. ജൂൺ, ജൂലായ് മാസങ്ങളിൽ 28 ശതമാനം മഴക്കുറവാണു രേഖപ്പെടുത്തിയത്.

ജൂൺ ഒന്നുമുതൽ ജൂലായ് 31 വരെയുള്ള കണക്കു പ്രകാരം കേരളത്തിനു ലഭിക്കേണ്ടത് 1,363 മില്ലിമീറ്റർ മഴയാണ്. എന്നാൽ, ഇതുവരെ പെയ്തത് 985.9 മി.മീ. മാത്രം.

മൺസൂൺ കാറ്റ് തുടർച്ചയായി ശക്തി പ്രാപിക്കാത്തതാണു മഴ കുറയാനുള്ള കാരണം.

അടുത്തകാലത്തായി ജൂൺ, ജൂലായ് മാസങ്ങളിൽ മഴക്കുറവും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കൂടുതൽ മഴയുമാണു കണ്ടുവരുന്നത്. തുടർച്ചയായി രണ്ടു പ്രളയങ്ങൾ സമ്മാനിച്ച വർഷങ്ങളിലും ഇതേനിലയിലായിരുന്നു മഴ ലഭിച്ചിരുന്നത്.

2019-ലെ ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ 1,376.6 മി.മീറ്റർ മഴയും 2020-ൽ 1,177.8 മി.മീറ്റർ മഴയും പെയ്തിരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനപ്രകാരം ഈ മാസം മധ്യ-വടക്കൻ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയും തെക്കൻ കേരളത്തിൽ സാധാരണ കാലവർഷവുമായിരിക്കുമെന്നാണു വകുപ്പിന്റെ പ്രതീക്ഷ. ഇത്തവണത്തെ കാലാവസ്ഥയുടെ മാതൃകകളും ഓഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിൽ സാധാരണയോ സാധാരണയിൽ കൂടുതലോ മഴ പെയ്യുമെന്ന സാധ്യതയാണു കാട്ടുന്നതെന്നു കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറയുന്നു.

കൂടുതൽ മഴ ലഭിച്ച സ്റ്റേഷനുകൾ

ജൂൺ ഒന്നുമുതൽ ജൂലായ്‌ 31 വരെ കൂടുതൽ മഴ ലഭിച്ചത്: കല്ലടി-3,478.2 മി.മീ., കുറ്റ്യാടി-3,209, പൈനാവ്-3,125.4, പയ്യാവൂർ-3,060.3, കൊട്ടിയൂർ-3,010, മഞ്ചേശ്വരം-2,893.5, പുളിങ്ങോം-2,758.8, പാലപ്പുഴ-2,738.4, നെടുംപൊയിൽ-2,683.4, താമരശ്ശേരി-2,668.8, തിക്കോടി-2,651.7, നേരിയമംഗലം-2,581.2, തിരുനെല്ലി-2,565.9, പാടിയത്തടുക്ക-2,521.8, കീരമ്പാറ-2,521.2, ഭൂതത്താൻകെട്ട്-2,510.9, അലക്കോട്-2,495.8, പീച്ചി-2,464.8, ചിന്നാർ-2,455.4, തീക്കോയി-2,443.1, ഉപ്പള-2,389.1, വണ്ണപുരം-2,385.6, മധുർ-2,368.3, മാനന്തവാടി -2,362.2.