കൊല്ലം : തോട്ടംമേഖലയിലെ ഗ്രാമപ്പഞ്ചായത്തുകളിൽ 19,080 തൊഴിലാളി കുടുംബങ്ങൾക്ക് വീടില്ലെന്ന് റിപ്പോർട്ട്. ഇവർക്ക് വീടുനിർമാണത്തിന് ഭൂമി കണ്ടെത്താൻ തദ്ദേശ സ്വയംഭരണവകുപ്പ് റവന്യൂവകുപ്പിന്റെ സഹായംതേടി.

തോട്ടം തൊഴിലാളികൾക്കായി ഭവനനിർമാണപദ്ധതി തയ്യാറാക്കിയെങ്കിലും ഭൂമികിട്ടാത്തതിനാൽ നടപ്പാക്കാനാകുന്നില്ലെന്ന് തദ്ദേശസ്ഥാപനങ്ങൾ അറിയിച്ചിരുന്നു. നല്ലൊരുപങ്ക് തൊഴിലാളികളുടെയും നിലവിലുള്ള പാർപ്പിടസൗകര്യം പരിതാപകരമാണ്.

എട്ടു ജില്ലകളിലെ 37 ഗ്രാമപ്പഞ്ചായത്തുകളിലാണ് തോട്ടംതൊഴിലാളികൾക്ക് ഭവന നിർമാണത്തിനായി ഭൂമി കണ്ടെത്താൻ പ്രയാസമുള്ളതെന്നാണ് റിപ്പോർട്ട്. പഞ്ചായത്ത് ഡയറക്ടറാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഏറ്റവുംകൂടുതൽ ഗുണഭോക്താക്കൾ ഇടുക്കി ജില്ലയിലാണ്-16,308 പേർ. 13 പഞ്ചായത്തുകളിലാണിത്. ഇവിടെത്തന്നെ മൂന്നാർ പഞ്ചായത്തിൽ 4,455 പേർക്കും ദേവികുളത്ത് 6,551 പേർക്കും ഭൂമി കണ്ടെത്താനുണ്ട്. വയനാട് ജില്ലയിൽ ഒൻപതു പഞ്ചായത്തുകളിലായി 1,932 ഗുണഭോക്താക്കളുണ്ട്.

തോട്ടം വകയല്ലാത്ത സ്ഥലം കണ്ടെത്താനുള്ള നടപടി റവന്യൂവകുപ്പ് പരിശോധിക്കാനാണ് നിർദേശം. ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുള്ള മൂന്നാർ, ദേവികുളം ഗ്രാമപ്പഞ്ചായത്തുകൾക്ക് മുൻഗണന നൽകണം. മന്ത്രിതല ചർച്ചയ്ക്കുശേഷം ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി നടപടികൾ വേഗത്തിലാക്കും.

തോട്ടംമേഖലയിൽ ഭവന നിർമാണത്തിനായി നീക്കിവെച്ച തുകയിൽ 200 കോടിയിൽപ്പരം രൂപ ചെലവഴിച്ചിട്ടില്ല. രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശൗചാലയവും ഉൾപ്പെടെ 400 ചതുരശ്രയടിയുള്ള വീടുകൾ, 400 ചതുരശ്രയടി വിസ്തീർണമുള്ള അപ്പാർട്ട്‌മെന്റ് കോംപ്ലക്സുകൾ എന്നിങ്ങനെ രണ്ടുവിധത്തിലാണ് ഭവനപദ്ധതി തയ്യാറാക്കിയിരുന്നത്. 2017-18 വർഷം ഭവന നിർമാണത്തിന് 99.2 കോടി അനുവദിച്ചതിൽ 67.8 കോടിയാണ് ചെലവഴിച്ചത്. 2018-19 വർഷം 168.4 കോടി അനുവദിച്ചതിൽ 146.9 കോടിയും 2019-20-ൽ 146.2 കോടി അനുവദിച്ചതിൽ 111.9 കോടിയുമാണ് ചെലവഴിച്ചത്. 2020-21-ൽ 136.4 കോടിയായിരുന്നു വിഹിതം.