നെടുമങ്ങാട്: കോവിഡ് വ്യാപനം ആശങ്കകൾ സൃഷ്ടിക്കുമ്പോഴും ആദിവാസിമേഖലകളിൽ പ്രതിരോധ കുത്തിവയ്പിനു സംവിധാനമില്ല. ഒന്നാംഘട്ട കുത്തിവയ്പ് ലഭിച്ചതിൽ 35 ശതമാനം ആളുകൾക്കുപോലും രണ്ടാം ഡോസ് നൽകിയിട്ടില്ല.

ആദിവാസി ഊരുകളിൽ മരണനിരക്ക് ഗണ്യമായി വർദ്ധിക്കുകയാണ്. ഇതുവരെ 204 ആദിവാസികളാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഏറ്റവും കൂടുതൽ മരണം വയനാട് ജില്ലയിലും(42) ഏറ്റവും കുറവ് തൃശ്ശൂർ(രണ്ട്) ജില്ലയിലുമാണ്. ഇടുക്കിയിൽ 28-ഉം, കാസർകോട്ട് 32-ഉം പാലക്കാട്ട് 22-ഉം തിരുവനന്തപുരത്ത് 15-ഉം ആദിവാസികളാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതിൽ തിരുവനന്തപുരത്ത് പെരിങ്ങമ്മല പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ മരണം.

സംസ്ഥാനത്താകെ ആദിവാസി ഊരുകളിലായി 3971 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. എന്നാൽ, ഫോൺ റെയ്ഞ്ചിലും ഡിജിറ്റൽ സംവിധാനത്തിലും ഉൾപ്പെടാത്ത മേഖലകളിൽ 1000-ലധികം രോഗികൾ കണക്കുകൾക്കു പുറത്തുണ്ട്. ഒന്നാംഘട്ടത്തിൽ ആരോഗ്യവകുപ്പും പട്ടികവർഗ വകുപ്പും സംയുക്തമായി ഉൾവന ഊരുകളിലെത്തി കുത്തിവയ്പുകൾ നൽകിയിരുന്നു. എന്നാൽ, രണ്ടാം ഘട്ടത്തിൽ ഈ സംവിധാനമുണ്ടായില്ല.

ജില്ല, ചികിത്സയിലുള്ളവർ, മരിച്ചവർ

തിരുവനന്തപുരം-72 15

കൊല്ലം-17 2

പത്തനംതിട്ട-32, 5

കോട്ടയം- 27 13

ഇടുക്കി-812 28

എറണാകുളം-305 12

പാലക്കാട് -702 22

വയനാട്- 586 42

കണ്ണൂർ - 266 20

കാസർകോട് -809 32