കൊച്ചി: കോവിഡുമായി ബന്ധപ്പെട്ട ഹർജികൾ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നതായിരിക്കും ഉചിതമെന്ന് ഹൈക്കോടതി. ടി.പി.ആർ. നിരക്കിന്റെ അടിസ്ഥാനത്തിൽ ലോക്ഡൗൺ നിശ്ചയിക്കുന്നത് പിൻവലിക്കണമെന്നും അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ വാക്കാലുള്ള പരാമർശം.

കോവിഡുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും പൊതുതാത്‌പര്യമുള്ളവയാണ്. നിലവിൽ പല ബെഞ്ചുകളിൽ ഹർജികൾ വരുന്നതാണ് സാഹചര്യം. ഇതിനു പരിഹാരമെന്ന നിലയിലാണ് ഡിവിഷൻബെഞ്ച് പരിഗണിക്കട്ടെയെന്ന നിർദേശം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ലോക്ഡൗണിന്റെ കാര്യത്തിൽ ബുധനാഴ്ചയോടെ ചില മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. അതിനാൽ വ്യാപാരികളുടെ അടക്കമുള്ള ഹർജികൾ ബുധനാഴ്ചയ്ക്കുശേഷം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.