തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടന സംബന്ധിച്ച് കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗങ്ങൾ, എം.എൽ.എ.മാർ എന്നിവരുമായി പ്രസിഡന്റ് കെ. സുധാകരൻ ചർച്ചതുടങ്ങി. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവരെ ഒരുമിച്ചുകണ്ട് നേരത്തേ സുധാകരൻ ചർച്ച നടത്തിയിരുന്നു. എം.പി.മാരുമായി ഡൽഹിയിലും ആശയവിനിമയം നടത്തി.

കെ.പി.സി.സി. ജനറൽ സെക്രട്ടറി, ഡി.സി.സി. പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് പുതിയ ഭാരവാഹികളെ നിയോഗിക്കുക. അനൗദ്യോഗിക ആലോചനകളിൽ ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് എ, ഐ ഗ്രൂപ്പുകൾ പേരുകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ചില ജില്ലകളിൽ പ്രസിഡന്റ് സ്ഥാനം െവച്ചുമാറാനും ആലോചനയുണ്ട്. ഡി.സി.സി. പ്രസിഡന്റ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ഒരു പാക്കേജായി നൽകാനാണ് ശ്രമിക്കുന്നത്.

യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം ഉണ്ടാകുമെങ്കിലും പ്രായപരിധി മാനദണ്ഡമാക്കേണ്ടെന്നാണ് ചർച്ചകളിലുയർന്ന പ്രധാന നിർദേശം. സാമൂഹിക സന്തുലനം പാലിക്കണം. കഴിവതും മുഴുസമയവും പ്രവർത്തിക്കാൻതക്ക ശേഷിയും സാഹചര്യവുമുള്ളവരെ ഭാരവാഹിത്വത്തിലേക്കു കൊണ്ടുവരണമെന്നും അംഗങ്ങൾ നിർദേശിച്ചു.

കെ.പി.സി.സി. ഭാരവാഹികളായി പരമാവധി 51 പേർ എന്ന നിർദേശം രാഷ്ട്രീയകാര്യ സമിതി അംഗീകരിച്ചിരുന്നു. നിലവിലുള്ള ഭാരവാഹികളിൽ ഭൂരിഭാഗവും ഇതോടെ ഒഴിയേണ്ടിവരും. പലരെയും ഒഴിവാക്കുകയെന്നതാണ് ഗ്രൂപ്പ് നേതൃത്വം നേരിടുന്ന വെല്ലുവിളിയും.

പാർട്ടിയിലും നിയമസഭാ കക്ഷിയിലും പുതിയ നേതൃത്വം വന്നപ്പോൾത്തന്നെ പാർട്ടി പുനഃസംഘടന എത്രയുംവേഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പുനഃസംഘടനാ ചർച്ചയ്ക്ക് വേണ്ടത്ര വേഗമില്ലെന്ന സ്ഥിതി വന്നു. ഇതോടെയാണ് രണ്ടാംഘട്ട ചർച്ച സജീവമാക്കിയത്. രണ്ടാഴ്ചയ്ക്കകം ഭാവാഹികളെ പ്രഖ്യാപിക്കാനാണ് ശ്രമം.