തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിൽ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷബഹളം. തിങ്കളാഴ്ച ചോദ്യോത്തരവേളയിൽ മന്ത്രിയുടെ മറുപടി മുദ്രാവാക്യം വിളിച്ചും ബാനർ ഉയർത്തിയും പ്രതിപക്ഷം തടസ്സപ്പെടുത്താൻ ശ്രമിച്ചു. മന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങളിൽനിന്ന് പ്രതിപക്ഷാംഗങ്ങൾ വിട്ടുനിന്നു. അസുഖബാധിതനായിരുന്ന മന്ത്രി ശിവൻകുട്ടി സുപ്രീംകോടതി വിധിക്ക്‌ ശേഷം ആദ്യമായാണ് തിങ്കളാഴ്ച സഭയിലെത്തിയത്.

രാവിലെ മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ മറുപടിക്ക്‌ ശേഷമായിരുന്നു ബഹളം. സ്പീക്കർ എം.ബി. രാജേഷ് മന്ത്രി ശിവൻകുട്ടിയെ ചോദ്യത്തിന് മറുപടിനൽകാൻ വിളിച്ചതോടെ ബാനറും പ്ലക്കാർഡും ഉയർത്തി പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റു. ഇതോടെ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ സ്പീക്കർ ചോദ്യത്തിന് മറുപടി പറയാൻ ക്ഷണിച്ചപ്പോൾ പ്രതിപക്ഷം സഹകരിച്ചു. അടുത്ത അവസരം വീണ്ടും ശിവൻകുട്ടിക്കായിരുന്നു. ഇതിനിടെ, സഭയിൽ ബാനർ പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് സ്പീക്കർ റൂളിങ് നൽകി. എന്നാൽ പ്രതിപക്ഷം ചോദ്യോത്തരവേള അവസാനിക്കുംവരെ ബഹളം തുടർന്നു.