തിരുവനന്തപുരം: പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഉദ്യോഗാർഥികളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

തിരഞ്ഞെടുപ്പു കാലത്തെ കണ്ണിൽപ്പൊടിയിടൽ തന്ത്രം മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സർക്കാർ റാങ്ക്പട്ടികകളുടെ കാലാവധി നീട്ടിയെങ്കിലും തിരഞ്ഞെടുപ്പ് ചട്ടം കാരണം അതിന്റെ ഗുണം ലഭിച്ചില്ല. രണ്ടാം പിണറായി സർക്കാർ വന്നശേഷം ഒന്നരമാസത്തോളം ലോക്‌ഡൗൺ ആയതോടെ നിയമനങ്ങളൊന്നും നടന്നതുമില്ല. കാലാവധി നീട്ടാൻ ഒരു തടസ്സവുമില്ലാതിരുന്നിട്ടും സമരം ചെയ്തുവെന്ന കാരണത്തിന് ഉദ്യോഗാർഥികളെ ശിക്ഷിക്കുകയാണ്. യു.ഡി.എഫ്. സർക്കാരിന്റെകാലത്ത് നിയമന നിരോധനത്തിനെതിരേ സമരം ചെയ്ത ഡി.വൈ.എഫ്.ഐ. ഇപ്പോൾ യുവാക്കളെ ഒറ്റുകൊടുക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.