കണ്ണൂർ: ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനവും സ്വന്തംനിലയ്ക്ക് ചെറുവനം സൃഷ്ടിക്കുന്നു. ജപ്പാനിലെ സസ്യശാസ്ത്രജ്ഞനായ അകിരാ മിയാവാക്കി വികസിപ്പിച്ചെടുത്ത സാങ്കേതികമാർഗത്തിലൂടെയാണ് ചെറുവനങ്ങളാണുണ്ടാക്കുക. ഒരുസെന്റിൽ കുറയാത്ത ഒന്നോ അതിലേറെയോ സ്ഥലത്തുണ്ടാക്കുന്ന വനത്തിന്റെ പരിപാലനം സന്നദ്ധസംഘടനകളെ ഏൽപ്പിക്കും. അതിവേഗം വളരുകയും നിബിഢതയേറുകയും ചെയ്യുന്നുവെന്നതാണ് മിയാവാക്കി വനത്തിന്റെ സവിശേഷത.

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനദിവസംതന്നെ അതത് തദ്ദേശസ്ഥാപനതല ഉദ്ഘാടനവും നടക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കുന്ന സംസ്ഥാനതല ഉദ്ഘാടനം എല്ലാ തദ്ദേശതല ഉദ്ഘാടനവേദിയിലും പ്രദർശിപ്പിക്കും. ഓഗസ്റ്റ് 17-ന് വൈകുന്നേരം നടക്കുന്ന പരിപാടിയിൽ ജനകീയാസൂത്രണത്തുടക്കംമുതൽ ഇതുവരെയുള്ള ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ആദരിക്കും. ഗ്രാമസഭകളിൽനിന്ന്‌ തിരഞ്ഞെടുക്കുന്ന കലാ, കായിക, സാഹിത്യ പ്രതിഭകളെയും പങ്കെടുപ്പിക്കും. പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ യോഗം ഈയാഴ്ച നടക്കും.

ഓരോ തദ്ദേശസ്ഥാപനത്തിന്റെയും ഉദ്ഘാടനച്ചടങ്ങിൽ 25 വർഷത്തെ ചരിത്രം ഹ്രസ്വമായി അവതരിപ്പിക്കുകയും ഒക്ടോബർ ഒന്നിനകം ആ റിപ്പോർട്ട് വിപുലപ്പെടുത്തുകയും ചെയ്യും. 1996-ലെ ജനകീയാസൂത്രണകാലത്ത് പ്രസിദ്ധീകരിച്ച വികസനരേഖയുടെ പരിഷ്കരിച്ച പതിപ്പ് 25 വർഷത്തെ റിപ്പോർട്ട് കൂടി ചേർത്ത് നവംബർ ഒന്നിന് പ്രസിദ്ധീകരിക്കും.

ജനകീയാസൂത്രണത്തിന്റെ അനുഭവങ്ങൾ ലോകത്തെ അറിയിക്കാൻ 25 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കും. കോവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറയുന്ന മുറയ്ക്ക് ജനകീയാസൂത്രണം ദേശീയ സെമിനാറും ജനകീയാസൂത്രണ കോൺഗ്രസും സംഘടിപ്പിക്കാനും തീരുമാനമുണ്ട്.