കണ്ണൂർ: കളരിയുടെയും മറ്റും മുത്തച്ഛൻ എന്നുപറയാവുന്ന ആയോധനകലയായ ’അടിമുറ’യ്ക്ക് കേരളത്തിൽ പ്രചാരമേറുന്നു. പലർക്കും കേട്ടറിവ് മാത്രമുള്ള അടിമുറയ്ക്ക്‌ (തമിഴിൽ അടിമുറൈ) വ്യക്തമായ പാഠ്യക്രമവും ആഗോള അംഗീകാരവും ലഭിച്ചതായി ഇതിന്റെ ഗുരുക്കൻമാർ പറയുന്നു. കന്യാകുമാരിയിലും തിരുനൽവേലിയിയിലും മറ്റും പൗരാണിക കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന അടിതട, അടിമുറൈ ആയോധനകലയ്ക്ക് ഇപ്പോൾ കേരളത്തിൽ എല്ലാ ജില്ലകളിലും രാജ്യത്തെ 18-ഓളം സംസ്ഥാനങ്ങളിലും പരിശീലനകേന്ദ്രങ്ങളായി.

ചേര, ചോള കാലഘട്ടത്തിന് മുൻപുതന്നെ അടിമുറ ആയോധനകലയുണ്ട്. വെറും കൈകൊണ്ടുള്ള കൈപ്പോര് വഴിയും പ്രത്യേക ആയുധങ്ങൾകൊണ്ടും എതിരാളിയെ നേരിടുന്നതാണ് അടിമുറയിലെ രീതി. കളരിയിലില്ലാത്ത അഷ്ടാംഗം, സിലംബം, മർമയടി എന്നിവ ഇതിലുണ്ട്. കേരളത്തിൽ കളരി പ്രചാരത്തിലായതോടെ ഈ ആയോധനകല പിന്തള്ളപ്പെടുകയായിരുന്നു. ഒരുകാലത്ത് ബ്രിട്ടീഷ് ഭരണാധികാരികൾ അടിമുറ നിരോധിച്ചിരുന്നു. പിന്നീട് കന്യാകുമാരിയിലും തിരവനന്തപുരത്തും മറ്റും നാടാർ സമുദായം രഹസ്യമായി ഇത് അഭ്യസിച്ചിരുന്നു.

കളരിപ്പയറ്റിൽ ഉപയോഗിക്കുന്ന ഉറുമി, വാൾ, കത്തി, കഠാര, വടി തുടങ്ങിയവയ്ക്ക് പുറമെ മാൻകൊമ്പ്, നഞ്ചക്ക്, കല്ലും കയറും, താക്കോൽകമ്പ്, പങ്കായം, വേൽവടി, പൂട്ടും പിരിവും, ഗദ എന്നിവയൊക്കെ ആയുധമായി അടിമുറയിലും ഉപയോഗിക്കുന്നു. കളരിയിലെ തെക്കൻകളരി സമ്പ്രദായം ഈ ആയോധനനകലയുടെ ഭാഗമാണ്. കേരളത്തിൽ അടിമുറയ്ക്ക് പുതിയ പാഠ്യക്രമം രൂപപ്പെട്ടിട്ട് ഒന്നരവർഷമേ ആയിട്ടുള്ളൂ. പഠനം പൂർത്തിയാകാൻ 10 മുതൽ 15 വർഷംവരെ വേണ്ടിവരും. കരാട്ടെയിലേതുപോലെ ഘട്ടംഘട്ടമായുള്ള ബെൽറ്റ് ഗ്രേഡ് സമ്പ്രദായമാണ് അടിമുറയിലും. ആദ്യത്തെ നാലുമാസത്തെ ഘട്ടത്തിൽ ഒന്നാം ബെൽറ്റ് പദവി ലഭിക്കും.

വേൾഡ് യൂനിയൻ ഓഫ് മാർഷ്യൽ ആർട്‌സ് ഫെഡറേഷൻ സ്വിറ്റ്‌സർലൻഡ്, നാഷണൽ മാർഷ്യൽ ആർട്‌സ് കമ്മിറ്റി, ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് ഫിറ്റ്‌നസ് അസോസിയേഷൻ എന്നീ സംഘടനകളുടെ അംഗീകാരം അടിമുറ ആയോധനകലയ്ക്ക് ലഭിച്ചതായി ലോക അടിമുറ ഫൗണ്ടേഷൻ സ്ഥാപക സെക്രട്ടറി ജനറൽ കൊല്ലം സ്വദേശി എം. മോഹൻകുമാർ പറഞ്ഞു. കെ.കെ. അജിത്കുമാർ (കോട്ടയം) പ്രസിഡന്റായും അനിൽകുമാർ ജനറൽ സെക്രട്ടറിയായും കേരളാ അടിമുറ അസോസിയേഷനും പ്രവർത്തിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ അംഗീകാരവും ലഭിച്ചു. ലോക അടിമുറ ഫെഡറേഷനാണ് കോച്ച് ലൈസൻസ് അനുവദിക്കുന്നതെന്ന് കണ്ണൂർ ജില്ലയിൽ കോച്ച് ലൈസൻസ് ലഭിച്ച മുണ്ടയാട് സ്വദേശി എം.പി. പ്രജിൽ പറഞ്ഞു.