മൂവാറ്റുപുഴ: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ. അറസ്റ്റുചെയ്ത കൈവെട്ട് കേസിലെ 24-ാം പ്രതിയായിരുന്ന മുഹമ്മദ് അലിയും (മമ്മാലി) മുഹമ്മദ് അലി ഇബ്രാഹിമും മൂവാറ്റുപുഴ കിഴക്കേക്കരയിലാണ് താമസം. സ്വർണക്കടത്തുമായി തീവ്രവാദത്തെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് മുഹമ്മദ് അലി. 2010-ൽ പ്രൊഫ. ടി.ജെ. ജോസഫിനെ ആക്രമിക്കാൻ വാനിലെത്തിയ സംഘത്തിന് ബൈക്കിൽ വഴികാട്ടിയ പ്രതിയാണിയാൾ. ചാലിക്കടവ് പാലത്തിനു സമീപമായിരുന്നു അന്ന് താമസം. അന്നുവരെ തീവ്രവാദ പ്രവർത്തനങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന സംശയം നാട്ടിലുണ്ടായിരുന്നില്ല. എന്നാൽ, എസ്.ഡി.പി.ഐ.യുടെ സജീവ പ്രവർത്തകനായിരുന്നു. കൈവെട്ടു കേസിലെ ദീർഘമായ ഗൂഢാലോചനയിലെ സജീവപങ്കാളിയും അക്രമത്തിൽ നേരിട്ടല്ലെങ്കിലും വഴികാട്ടിയായി പങ്കാളിയാവുകയും ചെയ്തു.

സ്ഥലക്കച്ചവടം, പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനി നടത്തിപ്പ് എന്നീ വിലാസങ്ങളാണ് ഇയാൾക്ക് നാട്ടിലുണ്ടായിരുന്നത്. ചാലിക്കടവിലെ വീടുവിറ്റ് ആദ്യം കിഴക്കേക്കരയിൽ ഒരു വീടുവെച്ച് വിറ്റിരുന്നു. ഇതിനുശേഷമാണ് കിഴക്കേക്കര ശ്രീഭദ്ര ഓഡിറ്റോറിയത്തിനു സമീപം ഇരുനില വീടുവെച്ചത്. നാട്ടിൽ അത്ര സൗഹൃദങ്ങൾ സൂക്ഷിക്കാത്ത പ്രകൃതമായിരുന്നു. നോട്ടുനിരോധന കാലത്ത് കണക്കിൽപ്പെടാത്ത പണം കൈവശം െവച്ചതിനും ഇയാൾ പിടിയിലായിരുന്നു.

മൂവാറ്റുപുഴയിലെ സ്വർണക്കടത്ത് സംഘത്തിന് തീവ്രവാദവുമായി ബന്ധമുണ്ടെന്ന് നേരത്തേതന്നെ സംശയിച്ചിരുന്നതാണ്. കൈവെട്ട് കേസ് വന്നതോടെ അന്വേഷണസംഘങ്ങൾ ഇത്തരത്തിൽ ചില സൂചനകളും നൽകിയിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് വരുന്ന പണം കുഴൽപ്പണമായും കള്ളസ്വർണമായുമാണ് നാട്ടിലെത്തിയിരുന്നത്. യുവാക്കളെ തീവ്രവാദത്തിലേക്ക് തിരിച്ചുവിട്ടും സ്വർണക്കടത്തിന്റെ കാരിയർമാരാക്കിയും നടത്തിയിരുന്ന പ്രവർത്തനങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു.

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ ആനിക്കാട് സഹോദരങ്ങളും ജലാലുമായുണ്ടായ ബന്ധമാണ് മുഹമ്മദ് ഇബ്രാഹിമിനെ കേസിലെത്തിച്ചത്. ആനിക്കാട് ഇവരുടെ അടുത്ത് വാടകയ്ക്കു താമസിച്ചതോടെ രൂപപ്പെട്ട ബന്ധം സ്വർണക്കടത്തിലേക്ക് നീങ്ങുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ എൻ.ഐ.എ. സംഘം ഇവരുടെ വീടിന്റെ പരിസരങ്ങളിലുണ്ടായിരുന്നു. രാത്രിയോടെ ഇവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. രണ്ടുപേരുടേയും വീടുകൾ തമ്മിൽ രണ്ട് കിലോമീറ്റർ താഴെയാണ് അകലം.