കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യ ആസൂത്രകൻ ഫൈസൽ ഫരീദിന്റെ നാടുകടത്തലുമായി ബന്ധപ്പെട്ട് ഇന്റർപോൾ ഇന്ത്യയിൽനിന്നു കൂടുതൽ വിവരങ്ങൾ തേടി.

കേസിനുപിന്നിൽ സ്വർണക്കടത്ത്, തീവ്രവാദബന്ധം എന്നിവയല്ലാതെ മതപരമായ കാര്യങ്ങളൊന്നുമില്ലെന്ന് ഇന്റർപോൾ ഉറപ്പുവരുത്തും. ഇതിനുശേഷമേ ദുബായ് പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസലിനെ ഇന്ത്യയിലെത്തിക്കുകയുള്ളൂ.

ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് ഇറക്കിയതിനെത്തുടർന്നാണ് ദുബായ് പോലീസ് കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസലിനെ അറസ്റ്റുചെയ്തത്. ഫൈസൽ ഫരീദിനും റബിൻസിനും പുറമേ നാലു പ്രതികൾകൂടി ദുബായിൽനിന്ന് പിടിയിലാവാനുണ്ടെന്ന് കസ്റ്റംസ് അന്വേഷണസംഘം ഉറപ്പിച്ചു. എൻ.ഐ.എ. ആണ് ഫൈസൽ ഫരീദിനെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രാലയംവഴി ഇന്റർപോളിനെ സമീപിച്ചത്. തുടർന്ന് ഇയാൾക്കെതിരേ ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് ഇറക്കി. പിന്നാലെ ദുബായ് പോലീസ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഉടൻ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇയാളുടെ നാടുകടത്തൽ നീണ്ടുപോവുകയായിരുന്നു.

അന്വേഷണത്തുടർച്ചയ്ക്കും ദുബായ് ബന്ധങ്ങൾ പുറത്തുകൊണ്ടുവരാനും ഫൈസലിന്റെ അറസ്റ്റ് അനിവാര്യമാണ്. ഇക്കാര്യങ്ങൾ എൻ.ഐ.എ.യും കസ്റ്റംസും കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇന്ത്യ സമ്മർദം ചെലുത്താൻ തുടങ്ങിയതോടെയാണ് നാടുകടത്തലിന്റെ ആദ്യപടിയെന്നോണം ഇന്റർപോൾ വിശദീകരണം തേടിയിരിക്കുന്നത്. ന്യൂനപക്ഷ പീഡനമുണ്ടാവില്ലെന്ന ഉറപ്പും നൽകണം. സ്വർണക്കടത്ത് കേസുമായിമാത്രം ബന്ധപ്പെട്ടാണ് ഫൈസലിനെ ആവശ്യപ്പെടുന്നതെന്ന് ഇന്ത്യ ഇതിന് മറുപടി നൽകും.

കേരളത്തിൽനിന്ന്‌ ദുബായിലേക്ക് പണം ഹവാലയായി എത്തിച്ചാണ് വൻതോതിൽ സ്വർണം കടത്തിയിരിക്കുന്നത്. ഓരോ സ്വർണക്കടത്തിനും ഹവാല ഇടപാടുകൾ നടന്നിട്ടുണ്ട്. കേരളത്തിൽനിന്നുള്ള നിർദേശമനുസരിച്ച് സ്വർണക്കടത്തിനായി പണമിറക്കിയവർക്ക് പ്രതിഫലം കേരളത്തിൽ ഭൂമിയായും കറൻസിയായും നൽകിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം.

ഏറെക്കാലമായി ദുബായിൽ കച്ചവടം നടത്തുന്ന ഈ മലയാളികൾക്ക് സ്വർണക്കടത്തുമായി അടുത്ത ബന്ധമാണുള്ളത്. നിലവിൽ നാലുപേരെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും ദുബായിലെ പ്രതികളുടെ എണ്ണം കൂടിയേക്കാം.

ഫൈസലിനും റബിൻസിനുമൊപ്പം ഇവരെയും ഇന്ത്യയിലേക്ക് എത്തിക്കാനാണ് ശ്രമം. ഇതിനായി ആഭ്യന്തരമന്ത്രാലയത്തിന് പ്രത്യേക അപേക്ഷ നൽകാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.