പാലോട്: സംസ്‌കൃതം മുഖ്യഭാഷയായി തിരഞ്ഞെടുത്ത വിദ്യാർഥികൾ വെള്ളിത്തിരയിൽ, സംസ്‌കൃതഭാഷ പഠിപ്പിക്കുന്ന അധ്യാപകർ മാത്രം അണിയറയിൽ. സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അഭിനയിച്ച ’മധുരസ്മിതം’ എന്ന കുട്ടികളുടെ സംസ്‌കൃത സിനിമ ശ്രദ്ധേയമാകുന്നു. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൽ കലാമിന്റെ ’അഗ്‌നിച്ചിറകുകൾ’ എന്ന പ്രസിദ്ധമായ കൃതിയാണ് സിനിമയ്ക്കാധാരമെന്നത് ഈ സംസ്‌കൃതദിനത്തിൽ സിനിമയെ ശ്രേഷ്ഠമാക്കുന്നു.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് സംസ്‌കൃതഭാഷയിൽ കുട്ടികളുടെ ചലച്ചിത്രം പിറവിയെടുക്കുന്നതെന്ന പ്രത്യേകതയും ഈ സിനിമയ്ക്കു സ്വന്തം. സംസ്‌കൃതഭാഷയുടെ മഹത്ത്വവും പ്രാധാന്യവും കുട്ടികളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികളെ കഥാപാത്രമാക്കി സിനിമ നിർമിച്ചതെന്ന് സംസ്‌കൃതാധ്യാപകനും സിനിമയുടെ സംവിധായകനുമായ സുരേഷ് ഗായത്രി പറയുന്നു.

സംസ്‌കൃതാധ്യാപകരായ ബിജിലാ കിഷോർ കുമാർ കഥയും എസ്.എസ്.അരുൺ തിരക്കഥയും എഴുതിയ സിനിമ, ജില്ലയിലെ നാലിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. സംസ്‌കൃതാധ്യാപകരായ എൻ.കെ.രാമചന്ദ്രൻ, വി.ആർ.ലാലി, കെ.ഇ.മനോഹരൻ, കെ.ജി.രമാബായ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊറോണക്കാലത്തിനു മുമ്പാണ് പൊതുവിദ്യാലയങ്ങളിൽനിന്നു തിരഞ്ഞെടുത്ത കുട്ടികളെ വച്ച് ചിത്രീകരണം പൂർത്തിയാക്കിയത്. യൂണിവേഴ്‌സിറ്റി കോളേജിലെ സംസ്‌കൃതം വിദ്യാർഥിനി ഐഫുന നുജൂം, തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിലെ സംഗീത വിദ്യാർഥിനി രുക്‌മ പി.എച്ച്‌. എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സംസ്കൃത വിദ്യാർഥികളായ ആവണി എസ്.നായർ, നിത്യ, ഉദയ് നാരായണൻ, അഞ്ജന, വിഷ്ണു, വസിഷ്ട്, ശ്രീഹരി തുടങ്ങി നാല്പതോളം പേർ വലുതും ചെറുതുമായ വേഷങ്ങളിലെത്തുന്നു. സംസ്‌കൃതാധ്യാപകരായ മഞ്ജുഷ, സാനിമോൾ, ബിന്ദു, വിമല തുടങ്ങി നിരവധിപ്പേർ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഒരു അധ്യാപിക തെരുവിൽനിന്നെടുത്തു വളർത്തുന്ന കുട്ടി പിന്നീട് വലിയ സ്വപ്നങ്ങൾ കണ്ട് സിവിൽ സർവീസ് നേടി ജില്ലാ കളക്ടറായി വരുന്നതും തെരുവിലെ കുട്ടികൾക്ക് അവൾ കൈത്താങ്ങാകുന്നതുമാണ് സിനിമയുടെ കഥ. പ്രദർശിപ്പിച്ച സദസ്സുകളിൽ ഇതിനകം നിരവധി പുരസ്‌കാരങ്ങൾ നേടിയ ’മധുരസ്മിതം’, ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. വിദ്യാഭ്യാസത്തിന്റെ മഹത്ത്വത്തെക്കുറിച്ചു വിദ്യാർഥികളെ ബോധവത്‌കരിക്കുന്ന ചലച്ചിത്രംകൂടിയാണ് ’മധുരസ്മിതം’.