ആലുവ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഡ്രൈവറുടെ മൃതദേഹം മൂന്നുദിവസം കഴിഞ്ഞിട്ടും പോസ്റ്റ്‌മോർട്ടം നടത്തിയില്ല. പോലീസും ആശുപത്രി അധികൃതരും പരസ്പരം കുറ്റപ്പെടുത്തുന്നതാണ് പോസ്റ്റ്‌മോർട്ടം വൈകിക്കുന്നത്.

ആലുവ തായിക്കാട്ടുകര പട്ടാടുപാടത്ത് ദേവിവിലാസത്തിൽ ലക്ഷ്മണൻ (മുരുകൻ-51) ആണ്‌ കഴിഞ്ഞ 30-ന് ഇടപ്പള്ളി കിൻഡർ ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. അന്നുതന്നെ കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയ്ക്ക് സ്രവമെടുത്തു. കോവിഡ് പോസിറ്റീവാണെന്ന ഫലം പിറ്റേന്ന് പുറത്തുവന്നു.

തമിഴ്‌നാട് സ്വദേശിയായ മുരുകന്റെ രണ്ട് മക്കളും ഇതോടെ ക്വാറന്റീനിലായി. മൂന്നാമത്തെ മകൾ തമിഴ്‌നാട്ടിലാണ്. കോവിഡ് മാനദണ്ഡപ്രകാരം ശവസംസ്കാരം നടത്തുമെന്നും നാട്ടിലുള്ള മക്കളെ അറിയിച്ചു.

ക്വാറന്റീനിലായതിനാൽ പിതാവിന്റെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയില്ലെന്ന വിഷമത്തിലായിരുന്നു മക്കൾ. മൃതദേഹം അടക്കം ചെയ്ത വിവരങ്ങൾ അറിയാൻ മക്കളുടെ സുഹൃത്തുക്കളിൽ ഒരാൾ കളമശ്ശേരി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടപ്പോഴാണ് ഇതുവരെ പോസ്റ്റ്‌മോർട്ടം പോലും നടന്നില്ലെന്ന വിവരം പുറത്തറിയുന്നത്.

ഇതോടെ മക്കൾ കൂടുതൽ സങ്കടത്തിലായി. ശനിയാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ഉദ്ദേശിച്ചിരുന്നെങ്കിലും കളമശ്ശേരി പോലീസ് എത്തിയില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

എന്നാൽ, ഞായറാഴ്ച ആശുപത്രിയിൽ എത്തിയെങ്കിലും സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ്‌മോർട്ടം നടത്താനായില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം നടത്തുമെന്നാണ് ഒടുവിൽ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. അൻവർ സാദത്ത് എം.എൽ.എ. ഉൾപ്പെടെയുള്ളവർ പോലീസിന്റെയും ആശുപത്രി അധികൃതരുടെയും നടപടിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.