തിരുവനന്തപുരം: ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്വർണക്കടത്തുകേസ് അന്വേഷിച്ച ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) ഓഫീസിൽ മോഷണശ്രമം. അപകടമരണക്കേസ് സി.ബി.ഐ. ഏറ്റെടുത്തിരിക്കെ നടന്ന മോഷണശ്രമം ദുരൂഹതയുണർത്തുന്നു.

ശനിയാഴ്ചരാത്രിയാണ് ഡി.ആർ.ഐ.യുടെ ഓഫീസിൽ മോഷണശ്രമമുണ്ടായത്. ഓഫീസിന്റെ മുൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. പിൻവാതിൽവഴി പുറത്തേക്ക് പോകുകയുംചെയ്തു. ഓഫീസിനുള്ളിലെ മറ്റുമുറികളിൽ കയറിയതായി സൂചനയില്ല. ഡി.ആർ.ഐ. അധികൃതരുടെ പരാതിയെത്തുടർന്ന് പോലീസ് കേസെടുത്തു.

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന തലസ്ഥാനത്തെ സ്വർണക്കടത്ത് കേസ് ഡി.ആർ.ഐ. ആണ് ആദ്യമന്വേഷിച്ചത്. ഈ കേസിന്റെ വിവരങ്ങളും രേഖകളും ഡി.ആർ.ഐ. ഓഫീസിലാണ് സൂക്ഷിക്കുന്നത്.

ബാലഭാസ്കറിന്റെ അപകടമരണക്കേസ് സി.ബി.ഐ. അടുത്തിടെ ഏറ്റെടുത്തു. ഇതിനുപിന്നാലെയാണ്‌ ഡി.ആർ.ഐ. ഓഫീസിൽ മോഷണശ്രമം. ഓഫീസിൽനിന്ന് രേഖകളോ വസ്തുക്കളോ മോഷണംപോയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.