തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചിട്ട് തിങ്കളാഴ്ചത്തേക്ക് ഒരാണ്ട്. ആറുമാസം മുമ്പ് കോടതിയിൽ കുറ്റപത്രം നൽകിയെങ്കിലും ഒന്നാംപ്രതിയായ ശ്രീറാമും രണ്ടാംപ്രതി വഫയും ഇതുവരെ നേരിട്ട് ഹാജരായിട്ടില്ല.

കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചിരിക്കുന്ന കേസിൽ സെപ്റ്റംബർ 16-ന് ഇരുവരും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികൾ ഹാജരായ ശേഷം വിചാരണയ്ക്കായി കേസ് ജില്ലാ സെഷൻസ് കോടതിയിലേക്കു മാറ്റാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ശ്രീറാം വെങ്കിട്ടരാമൻ അതിവേഗത്തിൽ ഓടിച്ച കാർ ഇടിച്ചാണ് 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ കെ.എം. ബഷീർ മരിക്കുന്നത്. വാഹനമോടിച്ചത് വഫയാണെന്നും താനല്ലെന്നുമുള്ള വാദങ്ങൾക്കൊടുവിൽ ശ്രീറാമിനെതിരേ വഫയും രംഗത്തുവന്നു. കോടതിയിൽ അവർ നൽകിയ മൊഴിയിൽ ശ്രീറാം മദ്യപിച്ചിരുന്നുവെന്നും അപകട സമയത്ത് അദ്ദേഹമാണ് വാഹനമോടിച്ചിരുന്നതെന്നും പറയുന്നു.

മ്യൂസിയം പോലീസ് സ്‌റ്റേഷന് വിളിപ്പാടകലെ നടന്ന അപകടത്തിൽ പോലീസ് ഒളിച്ചുകളി നടത്തുകയായിരുന്നു. അപകടശേഷം ജനറൽ ആശുപത്രിയിലേക്കു പോയ ശ്രീറാം അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറി. മദ്യപിച്ച് വാഹനമോടിച്ചുവെന്ന് സാക്ഷിമൊഴികൾ ഉണ്ടായിരുന്നു. എന്നാൽ, ശ്രീറാമിന്റെ രക്തപരിശോധന നടത്താനായത് ഒമ്പത് മണിക്കൂറുകൾക്കു ശേഷമാണ്. അതും മാധ്യമ സമ്മർദത്തെ തുടർന്ന്. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ശ്രീറാമിൽ മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന് കുറിച്ചിരുന്നെങ്കിലും മണിക്കൂറുകൾക്കു ശേഷം ശേഖരിച്ച രക്തത്തിന്റെ സാംപിൾ പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല.

ക്രൈംബ്രാഞ്ച് ഫെബ്രുവരി ഒന്നിന് നൽകിയ കുറ്റപത്രത്തിൽ നൂറു സാക്ഷിമൊഴികളുണ്ട്. 66 പേജുള്ള കുറ്റപത്രത്തിൽ 84 രേഖകളും 72 തൊണ്ടിമുതലുകളുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 (രണ്ട്), 201 വകുപ്പുകളും മോട്ടോർവാഹന നിയമത്തിലെ 184, 185, 188 വകുപ്പുകളുമാണ് ശ്രീറാമിനും വഫയ്ക്കുമെതിരേ ചുമത്തിയത്.

കാറിന്റെ അതിവേഗവും അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുമുള്ളത് ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.