തിരുവനന്തപുരം: ജില്ലയിൽ ഞായറാഴ്ച കോവിഡ്‌ ബാധിച്ച്‌ മൂന്നുപേർ മരിച്ചു. കല്ലിയൂർ കമുകറത്തല വിഷ്ണുഭവനിൽ ജയാനന്ദൻ(53), പാറശ്ശാല കീഴത്തോട്ടം കുഴിഞ്ഞാൻവിള സ്വദേശിനി വിജയലക്ഷ്മി(58), പെരുമ്പഴുതൂർ വടകോട്‌ സ്വദേശി ക്ളീറ്റസ്‌(71) എന്നിവരാണ്‌ മരിച്ചത്‌.

കർഷകനായ ജയാനന്ദൻ ഞായറാഴ്ച പുലർച്ചെ മെഡിക്കൽകോളേജ് ആശുപത്രിയിലാണ് മരിച്ചത്. കഴിഞ്ഞ മാസം 26-ന് പനി, തലവേദന, ശ്വാസംമുട്ടൽ എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ബാലരാമപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 28-ന് അവണാകുഴിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. പിന്നീട് 31-ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധന നടത്തിയശേഷം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ശനിയാഴ്ച കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഭാര്യ: സെലീന. മക്കൾ: വിഷ്ണു, വീണ.

പാറശ്ശാല കീഴത്തോട്ടം കുഴിഞ്ഞാൻവിള സ്വദേശിനിയായ വിജയലക്ഷ്മി ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഇക്കഴിഞ്ഞ 27ന്‌ അസുഖബാധയെത്തുടർന്ന് ഇവരെ പാറശ്ശാല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.