പത്തനംതിട്ട: ഫാം ഉടമയായ മത്തായിയെ കസ്റ്റഡിയിൽ എടുത്ത നടപടിക്രമങ്ങളിൽ വനംവകുപ്പിന് വീഴ്ചപറ്റിയെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഡിവൈ.എസ്.പി. ആർ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം. വനംവകുപ്പ് രേഖകളിൽ കൃത്രിമം നടന്നതായും സംശയമുണ്ട്.

കുറ്റസമ്മത മൊഴി രേഖപ്പെടുത്താതെ തെളിവെടുപ്പിന് കൊണ്ടുപോയതും വീഴ്ചയായി.

ചിറ്റാർ വനം സ്റ്റേഷനിലെ രേഖകളുടെ ആദ്യഘട്ട പരിശോധന അന്വേഷണസംഘം പൂർത്തിയാക്കി. കസ്റ്റഡിയിലെടുത്ത പ്രതിയെ വനം സ്റ്റേഷനിൽ ഹാജരാക്കിയില്ല, കുറ്റസമ്മത മൊഴി രേഖപ്പെടുത്താതെ തെളിവുകൾ വീണ്ടെടുക്കാൻ വനമേഖലയിൽ കൊണ്ടുപോയി, മത്തായിയുടെ മരണശേഷമാണ് മഹസർ തയാറാക്കിതുടങ്ങിയത്, ഇതിന്റെ നടപടിക്രമങ്ങൾ തൊട്ടടുത്ത ദിവസമാണ് പൂർത്തിയായത് തുടങ്ങിയവയാണ് പ്രാഥമിക കണ്ടെത്തലുകൾ.

മത്തായിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ ജൂലായ് 28-ന് ഉച്ചതിരിഞ്ഞ് 3.30-നാണ് ജനറൽ ഡയറിയിൽ കേസുമായി ബന്ധപ്പെട്ട ആദ്യ രേഖപ്പെടുത്തൽ നടന്നിട്ടുള്ളത്. വൈകീട്ട് 6.30-ന് നടപടിക്രമങ്ങൾ പൂർത്തിയായി. എന്നാൽ, മത്തായിയുടെ മരണത്തെത്തുടർന്ന് സ്ഥലത്തുനിന്നും കടന്ന ഉദ്യോഗസ്ഥർ ആരും, രാത്രി വൈകിയും ഓഫീസിൽ തിരികെയെത്തിയിരുന്നില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ, ഓഫീസ് രേഖകളും മൊഴിയും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. മത്തായിയുടെ മൃതദേഹം ഇപ്പോഴും റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നീതിപൂർവമായ അന്വേഷണ ഉറപ്പ് കിട്ടിയതിനുശേഷമേ ശവസംസ്കാരമുള്ളെന്ന നിലപാടിലാണ് കുടുംബാംഗങ്ങൾ.