തിരുവനന്തപുരം: കോവിഡ് പ്രതിരോധചികിത്സയ്ക്ക് ആയുർവേദം ഗുണകരമാണെന്ന പഠനവുമായി അഖിലകേരള ഗവ. ആയുർവേദ കോളേജ് അധ്യാപകസംഘടന. ഈ പഠനറിപ്പോർട്ട് തുടർനടപടികൾക്കായി സർക്കാരിനു നൽകി.

കോവിഡ് പരിശോധനാഫലം നെഗറ്റീവായി രോഗമുക്തിനേടാനുള്ള സമയം കുറയ്ക്കാനും ചെറിയ ലക്ഷണങ്ങളുള്ള രോഗികൾ തീവ്രരോഗ വിഭാഗത്തിലേക്ക്‌ മാറുന്നതു തടയാനും കഴിയുന്ന മരുന്നുകളുണ്ട്. ഇത് ചികിത്സച്ചെലവും മരണനിരക്കും കുറയ്ക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടിലുണ്ടെന്ന് സംഘടനാ ജനറൽ സെക്രട്ടറി ഡോ. സി.എസ്‌. ശിവകുമാർ പറഞ്ഞു.

‘അമൃതം’ എന്ന ആയുർവേദ പ്രതിരോധമരുന്ന് വിജയകരമാണ്. രോഗലക്ഷണം പ്രകടമാകാത്തവർക്കായുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ ആയുർവേദ പ്രതിരോധമരുന്ന് നൽകാൻ സർക്കാർ തീരുമാനമെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

വിദേശത്തുനിന്നുവന്ന് വീടുകളിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന 1,01,134 പേർക്ക് ആയുർവേദ പ്രതിരോധമരുന്നായ അമൃതം നൽകി. ഇതിൽ 371 പേർക്ക് (0.37 ശതമാനം) മാത്രമാണ് രോഗബാധയുണ്ടായത്. രോഗം ബാധിച്ചവർക്ക് രോഗലക്ഷണങ്ങൾ പ്രകടമായില്ലെന്നും പഠനത്തിൽ പറയുന്നു.

ആയുർവേദമരുന്ന് സ്വീകരിക്കാൻ തയ്യാറായി മുന്നോട്ടുവരുന്ന രോഗികൾക്ക് അതുനൽകാനുള്ള അനുമതി സർക്കാർ നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.