കോട്ടയം: ഇന്ത്യാ ടുഡേ, എം.ഡി.ആർ.എ. സർവേയിൽ രാജ്യത്തെ മികച്ച സർക്കാർ സർവകലാശാലകളുടെ പട്ടികയിൽ മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് ആറാം സ്ഥാനം. ഏറ്റവും കൂടുതൽ പേറ്റന്റുകൾ സമർപ്പിച്ച സർവകലാശാലകളിൽ എം.ജി.ക്ക് അഞ്ചാം സ്ഥാനമാണ്.

രാജ്യത്തെ മികച്ച സർവകലാശാലകളെയും കോളേജുകളെയും കണ്ടെത്താൻ ഇന്ത്യാ ടുഡേ മാർക്കറ്റിങ് ആൻഡ് ഡെവലപ്‌മെന്റ് റിസർച്ച് അസോസിയേറ്റ്‌സ് (എം.ഡി.ആർ.എ.) ആണ് സർവേ നടത്തിയത്. 2000 സ്‌കോർ പോയിന്റുകളിൽ 1643.7 സ്‌കോറോടെയാണ് എം.ജി. ആറാം സ്ഥാനം നേടിയത്.

1875.6 സ്‌കോർ നേടിയ ജവഹർലാൽ നെഹ്‌റു സർവകലാശാലയ്ക്കാണ് ഒന്നാം സ്ഥാനം. ഹൈദരാബാദ് സർവകലാശാല രണ്ടാം സ്ഥാനത്തും അലിഗഡ് സർവകലാശാല മൂന്നാം സ്ഥാനത്തുമാണ്. 32 സ്ഥാനങ്ങളിൽ കേരളത്തിൽനിന്ന് മൂന്ന് സർവകലാശാലകൾ ഇടംപിടിച്ചു. പട്ടികയിൽ കുസാറ്റ് ഏഴാം സ്ഥാനത്താണ്. സ്‌കോർ 1628.3. കേരള സർവകലാശാല 15-ാംസ്ഥാനത്തും.

മൂന്നുവർഷത്തിനിടെ 31 പേറ്റന്റുകൾക്കാണ് എം.ജി. സർവകലാശാല അപേക്ഷിച്ചത്. ഈ പട്ടികയിൽ കൊൽക്കത്ത സർവകലാശാലയാണ് ഒന്നാമത്. 175 പേറ്റന്റുകൾക്കാണ് കൊൽക്കത്ത സർവകലാശാല അപേക്ഷിച്ചത്.