തിരുവനന്തപുരം: ട്രഷറിയിൽനിന്നു പണംതട്ടിയ കേസിലെ പ്രധാനപ്രതി രണ്ടുദിവസംമുമ്പേ മുങ്ങി. വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് ബാലരാമപുരം സ്വദേശി എം.ആർ. ബിജുലാൽ (53) ആണ് ഒളിവിൽപ്പോയത്. മറ്റൊരു പ്രതിയും ബിജുലാലിന്റെ ഭാര്യയുമായ കിള്ളിപ്പാലം സ്‌പെഷൽ സ്‌കൂൾ അധ്യാപിക സിമി (45) യെ വെള്ളിയാഴ്ച രാത്രി സഹോദരിയുടെ വീട്ടിലാക്കിയാണ് ഇയാൾ ഒളിവിൽ പോയത്.

ബിജുലാൽ, സിമി എന്നിവർക്കെതിരേ തട്ടിപ്പ്, രേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾപ്രകാരം കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും വഞ്ചിയൂർ സി.ഐ. പറഞ്ഞു. തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫീസറുടെ പരാതിയെത്തുടർന്നാണ് കേസ്. വീട്ടിൽ പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടിക്കാനായില്ല. ഒളിവിൽ പോയതായാണ് വിവരമെന്നും തലസ്ഥാനം വിട്ടതായി സൂചനയില്ലെന്നും സി.ഐ. അറിയിച്ചു.

61.23 ലക്ഷം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കു ബിജുലാൽ മാറ്റി. 1.37 കോടി രൂപ ട്രഷറിയിലെ അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ട്.

‘എല്ലാവരുംകൂടി ചതിച്ചു’

‘‘എന്നെ എല്ലാവരും കൂടി ചതിച്ചു’’വെന്നു പറഞ്ഞശേഷം വന്ന അതേ വാഹനത്തിൽത്തന്നെ ബിജുലാൽ മടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു.