അമ്പലപ്പുഴ: നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് വിട്ടയയ്ക്കുമ്പോൾ കുട്ടി പൂർണ ആരോഗ്യവാനായിരുന്നെന്ന് ഡോക്ടർമാർ.

പീഡിയാട്രിക് മെഡിക്കൽ ഓഫീസറുടെയും പീഡിയാട്രിക് സർജറി മെഡിക്കൽ ഓഫീസറുടെയും നേതൃത്വത്തിലാണ് കുട്ടിയെ നോക്കിയത്. ആലുവ ജില്ലാ ആശുപത്രിയിലെ എക്സ്‌റേയും പരിശോധിച്ചു. വീണ്ടും എക്സ്‌റേയെടുത്തു. നാണയം കിടക്കുന്നത് ആമാശയത്തിലാണെന്ന് എക്സ്‌റേയിൽ വ്യക്തമായി. ശ്വാസകോശവുമായി ബന്ധമില്ലാത്തതിനാൽ അപകടം സംഭവിക്കേണ്ട സാഹചര്യമില്ലെന്നു ഡോക്ടർമാർ വിലയിരുത്തി.

വിശദമായി പരിശോധിക്കും

പോസ്റ്റുമോർട്ടം റിപ്പോർട്ടുവന്നശേഷം വിശദമായ അന്വേഷണം നടത്തും. നാണയം താഴേക്കിറങ്ങിപ്പോകാൻ വീട്ടുകാർ കുട്ടിക്ക് എന്തെങ്കിലും മരുന്ന് കൊടുത്തിട്ടുണ്ടോയെന്നു സംശയമുണ്ട്. കുട്ടിക്ക് മറ്റ് അസ്വസ്ഥതകളൊന്നും ഉണ്ടായിരുന്നില്ല.

പീഡിയാട്രിക് മെഡിസിൻ, പീഡിയാട്രിക് സർജറി വിഭാഗങ്ങളിലെ ഡോക്ടർമാരും പരിശോധിച്ചു. ശാസ്ത്രീയമായി കുട്ടിക്ക് ശസ്ത്രക്രിയയോ ട്യൂബ് ഇട്ടുനോക്കേണ്ട ആവശ്യമോ ഇല്ല. സാധാരണഭക്ഷണം നൽകാനും ധാരാളം വെള്ളം കുടിപ്പിക്കാനും വിസർജ്യം നിരീക്ഷിക്കാനും അമ്മയെ ഉപദേശിച്ചു. ആരോഗ്യമന്ത്രിക്ക് വൈകാതെ റിപ്പോർട്ട് നൽകും.

-ഡോ. ആർ.വി. രാംലാൽ, സൂപ്രണ്ട്, ആലപ്പുഴ മെഡി. കോളേജ്‌