കൊല്ലം: ജില്ലാ ജയിലിൽ 57 തടവുകാർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. ജയിൽജീവനക്കാരന്‌ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന്‌ നടത്തിയ പരിശോധനയിൽ 14 തടവുകാർക്കാണ്‌ ആദ്യം കോവിഡ്‌ സ്ഥിരീകരിച്ചത്‌. പരിശോധന തുടർന്നപ്പോൾ 43 പേർ രോഗബാധിതരാണെന്നു കണ്ടെത്തി.

മൂന്നുതടവുകാരെ പാരിപ്പള്ളി മെഡി. കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ ചന്ദനത്തോപ്പ്‌ ഐ.ടി.ഐ.യിലുള്ള കോവിഡ്‌ പ്രാഥമികകേന്ദ്രത്തിലേക്കു മാറ്റും. 139 തടവുകാരാണ്‌ ഇപ്പോൾ ജില്ലാ ജയിലിലുള്ളത്‌. മറ്റു തടവുകാർക്കും കോവിഡ്‌ പരിശോധന നടത്തുന്നുണ്ട്‌.

ജീവനക്കാരന്‌ കോവിഡ്‌ ബാധിച്ചതിനെത്തുടർന്ന്‌ ചാമക്കടയിൽനിന്ന്‌ അഗ്നിരക്ഷാസേനയെത്തി ജയിൽ അണുവിമുക്തമാക്കിയിരുന്നു. തടവുകാർക്കും രോഗം സ്ഥിരീകരിച്ചതോടെ കോർപ്പറേഷൻ ആരോഗ്യവിഭാഗം ജീവനക്കാരെത്തി ജയിൽ അണുവിമുക്തമാക്കി.