ഐക്കരപ്പടി/ കോട്ടയ്ക്കൽ: സ്വർണക്കടത്തുകേസിൽ കസ്റ്റംസിന്റെ പിടിയിലായ ഐക്കരപ്പടി സ്വദേശി പന്നിക്കോട്ടിൽ മുഹമ്മദ് ഷാഫി സ്വർണക്കടത്തിനുവേണ്ടി പലപ്പോഴായി മുടക്കിയത് അരക്കോടിയിലധികം രൂപ. എൻ.ഐ.എയുടെ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.

ഷാഫിയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെ എൻ.ഐ.എ. സംഘം നടത്തിയ വിശദമായ പരിശോധനയിൽ പണമിടപാട് സംബന്ധിച്ച രേഖകൾ കണ്ടെത്തിയതായി സൂചനയുണ്ട്. ഷാഫി ഒട്ടേറെ്ത്തവണ സന്ദർശകവിസയിൽ ദുബായ് യാത്ര നടത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരി, കോഴിക്കോട്‌ വിമാനത്താവളങ്ങൾ വഴിയാണ് യാത്രകൾ അധികവും.

സ്വർണവില്പനയിൽ റമീസിന്റെ സംഘത്തിലെ മുഖ്യകണ്ണിയായി പ്രവർത്തിച്ചിരുന്ന ആളാണ് ഷാഫി. ഷാഫി പണംമുടക്കിയത് ബിനാമി ഇടപാടുകളോ ഹവാലപണമോ ആകാനുള്ള സാധ്യത എൻ.ഐ.എ. സംഘം തള്ളിക്കളയുന്നില്ല. ബാങ്ക് അക്കൗണ്ടുകൾ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. കള്ളക്കടത്ത് സ്വർണം മറ്റു ഇടപാടുകാരിൽ എത്തിക്കുന്ന പ്രധാനവാഹകരിൽ ഒരാളാണ് ഷാഫി. ഷാഫി സ്വർണം കൈമാറുന്ന ആളുകളെ സംബന്ധിച്ച വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

കസ്റ്റംസിൽ ഷാഫിയുമായി ബന്ധപ്പെട്ട് ഒരു കേസ് ഉണ്ടായിരുന്നു. ഷാഫി പ്രാദേശികമായി വല്ലവരെയും സ്വർണക്കടത്തിനു ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും.

മുഹമ്മദ് ഷാഫിയെയുംകൊണ്ട് വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പ് ഉച്ചയ്ക്ക് 12.45 വരെ നീണ്ടു.

നാടുണരുംമുമ്പ് നാടകീയപരിശോധന

ഷാഫിയുടേതടക്കം സ്വർണക്കടത്തുകേസിൽ പ്രതികളായ മലപ്പുറംജില്ലയിലെ നാലുപേരുടെയും വീട്ടിൽ എൻ.ഐ.എയുടെ വ്യത്യസ്തസംഘങ്ങൾ ഞായറാഴ്ച പരിശോധന നടത്തി. പുലർച്ചെ അഞ്ചുമണിയോടെ എത്തിയ സംഘങ്ങൾ മൂന്നും നാലും മണിക്കൂർ പരിശോധന നടത്തി. ഐക്കരപ്പടി പന്നിക്കോട്ടിൽ മുഹമ്മദ്ഷാഫി, കോഴിച്ചെന പാട്ടത്തൊടി അബ്ദു, വെട്ടത്തൂർ കണ്ണന്തൊടി തെക്കേക്കളത്തിൽ പൂക്കാട്ടിൽ റമീസ്, വേങ്ങര പറമ്പിൽപ്പടി എടക്കണ്ടൻ സെയ്തലവി എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. പണമിടപാടും സ്വർണക്കടത്തും സംബന്ധിച്ച രേഖകൾ ഇവരുടെ വീടുകളിൽനിന്ന് കണ്ടെടുത്തു.