തിരുവനന്തപുരം: ചരിത്രപണ്ഡിതനും കേരള യൂണിവേഴ്‌സിറ്റി മുൻ ചരിത്രവിഭാഗം റീഡറുമായ പ്രൊഫ. ഇ.ശ്രീധരൻ(87) പേരൂർക്കട ഇന്ദിരാനഗർ 43-ൽ അന്തരിച്ചു.

പാലക്കാട് ചെർപ്പുളശ്ശേരി ഇടമരത്തൊടിയാണ് തറവാട്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന്‌ ചരിത്രത്തിൽ ഒന്നാം റാങ്കോടെയാണ് എം.എ. ബിരുദം നേടിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ഗവ. ആർട്‌സ് കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിൽ ചരിത്രാധ്യാപകനായിരുന്നു. ഹിസ്റ്റോറിയോഗ്രാഫി, ഹിസ്റ്റോറിക്കൽ മെത്തഡോളജി എന്നീ വിഷയങ്ങളിൽ നിഷ്ണാതനായിരുന്നു. ’ഹിസ്റ്റോറിയോഗ്രാഫി (ബി.സി. 500 മുതൽ 2000 വരെ)’ എന്ന ഗ്രന്ഥം ചരിത്രാധ്യാപകർക്കും ഗവേഷകർക്കുമിടയിൽ ലോകശ്രദ്ധ നേടിയിരുന്നു. ഈ കൃതിയും ’എ മാനുവൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് മെത്തഡോളജി’ എന്ന ഗ്രന്ഥവും വിവിധ ഭാരതീയ ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ രചിച്ച ’നെപ്പോളിയന്റെ ജീവചരിത്രം’ ബൃഹദ്‌ഗ്രന്ഥമാണ്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ’ലോകചരിത്രം (1500 മുതൽ 1950 വരെ)’ 17 പതിപ്പുകൾ പിന്നിട്ടു. രാജാ രവിവർമയെക്കുറിച്ചുള്ള ഏകവിഷയപ്രബന്ധവും ഋഗ്വേദം, സാംഖ്യശാസ്ത്രം എന്നിവയെ അധികരിച്ചു തയ്യാറാക്കിയ പ്രാചീനഭാരതത്തിലെ ശാസ്ത്രീയതയുടെ തുടക്കം എന്ന പ്രബന്ധവും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. പ്രൊഫ. എ.ശ്രീധരമേനോൻ പുരസ്‌കാരം, മികച്ച അധ്യാപകനുള്ള പ്രൊഫ. കൊച്ചുണ്ണി പണിക്കർ സ്മാരകപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: പുത്തേഴത്ത് സത്യ. മക്കൾ: എസ്.വിജയലക്ഷ്മി, എസ്.പദ്മനാഭൻ (ബിസിനസ്, ബെംഗളൂരു). മരുമകൻ: പി.ജയകുമാർ (ചാർട്ടേഡ്‌ അക്കൗണ്ടന്റ്, ടി.കെ.മേനോൻ ആൻഡ് കോ., കോഴിക്കോട്). ശവസംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തൈക്കാട് ശാന്തികവാടത്തിൽ.