കൊല്ലം : റെയിൽവേയിലെ ജോലിഭാരമുള്ള തസ്തികകളിൽ സ്വയംവിരമിക്കൽ പദ്ധതി നടപ്പാക്കുന്നു. 55 വയസ്സ് പിന്നിട്ട ലോക്കോ പൈലറ്റ്, ട്രാക്ക് മെയിൻറനർ (ട്രാക്ക്മാൻ) തസ്തികയിലുള്ളവർക്കാണ് സ്വയംവിരമിക്കൽ വരുന്നത്. സല്യൂട്ട് എന്ന പേരിലാണ് പുതിയ വി.ആർ.എസ്. പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്.

ഈ തസ്തികകളിലുള്ളവർക്ക് സ്വയം വിരമിക്കാനുള്ള മറ്റൊരു പദ്ധതി നേരത്തേ റെയിൽവേയിൽ ഉണ്ടായിരുന്നു. അതുപ്രകാരം വിരമിക്കുന്ന ജീവനക്കാരുടെ മക്കൾക്ക് അതേ തസ്തികയിൽ നിയമനം നൽകിയിരുന്നു. ഈ സ്കീമിനെതിരേ ഉദ്യോഗാർഥികൾ കോടതിയിൽ പോകുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തതോടെ ഇത് നിർത്തി. പുതിയ സ്വയംവിരമിക്കൽ പദ്ധതിയിൽ ആശ്രിതർക്ക് ജോലി നൽകില്ല.

വിരമിക്കുന്നതുവരെയുള്ള കാലത്ത് അർഹമായ ശമ്പളവർധനയുടെ പകുതി നൽകും. നിലവിൽ ജീവനക്കാർക്ക് നൽകുന്ന യാത്രാസൗജന്യ പാസുകൾ വിരമിക്കുന്ന ദിവസംവരെ അതേപടി നൽകുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. 55 വയസ്സിനുശേഷവും കഠിനമായ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് സ്വയംവിരമിക്കൽ കൊണ്ടുവരുന്നതെന്നാണ് റെയിൽവേ ബോർഡ് പറയുന്നത്. ’സല്യൂട്ടി’നെക്കുറിച്ച് ജീവനക്കാരുടെ അംഗീകൃത സംഘടനകളോട് റെയിൽവേ ബോർഡ് അഭിപ്രായമാരാഞ്ഞിട്ടുണ്ട്.

പതിറ്റാണ്ടുകൾ ജോലിചെയ്ത ജീവനക്കാർക്കുള്ള സല്യൂട്ടല്ല, അപമാനകരമായ യാത്രയയപ്പാണ് പുതിയ സ്വയംവിരമിക്കലെന്ന് യൂണിയനുകൾ പറയുന്നു. റെയിൽവേയിലെ ജീവനക്കാരെ കുറയ്ക്കാനുള്ള തന്ത്രമാണിതെന്നും അവർ അഭിപ്രായപ്പെടുന്നു. പഴയ സ്വയംവിരമിക്കലിന്റെ മാതൃകയിൽ മക്കൾക്ക് നിയമനം വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം.