തിരുവനന്തപുരം: വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാൽ രണ്ടുകോടിരൂപ ട്രഷറിയിൽനിന്ന് തട്ടിയ സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാവും. ജില്ലാ ട്രഷറി ഓഫീസറെയും ടെക്‌നിക്കൽ കോ-ഓർഡിനേറ്ററെയും സസ്‌പെൻഡ് ചെയ്തേക്കും.

സംഭവത്തെക്കുറിച്ചും ട്രഷറിയിലെ വീഴ്ചകളെക്കുറിച്ചും അന്വേഷിക്കാൻ ധനവകുപ്പ് മേധാവി ആർ.കെ. സിങ്ങിനെ ധനമന്ത്രി തോമസ് ഐസക് ചുമതലപ്പെടുത്തി. പ്രതി ഒളിവിലാണെന്ന് വഞ്ചിയൂർ പോലീസ് പറഞ്ഞു. ബിജുലാലിന്റെ ഭാര്യ സിമിക്കെതിരേയും കേസെടുത്തു. ഭാര്യയുടെ അക്കൗണ്ടിലേക്കും ബിജുലാൽ പണം മാറ്റിയിരുന്നു.

വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് കളക്ടറുടെ അക്കൗണ്ടിൽനിന്ന് പണം തട്ടിയത്. 61.23 ലക്ഷം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക്‌ മാറ്റി. 1.37 കോടി തന്റെയും ഭാര്യയുടെയും പേരിലുള്ള ട്രഷറി അക്കൗണ്ടുകളിലും നിക്ഷേപിച്ചു.