തിരുവനന്തപുരം: പരാതി നൽകിയിട്ടും അന്വേഷിക്കാൻ വിജിലൻസ് തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രവർത്തനം പൂർണമായും നിലച്ചെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിന് ഒന്നും മറയ്ക്കാനില്ലെങ്കിൽ താൻ നൽകിയ രണ്ടു പരാതികളിൽ അന്വേഷണത്തിന് വിജിലൻസിന് അനുമതി നൽകണം. വിജിലൻസിനെ വന്ധ്യംകരിച്ചിരിക്കുകയാണ്. അഴിമതിക്കാരെ സംരക്ഷിക്കുകയാണ് സർക്കാർ. ബെവ്ക്യൂ ആപ്പ്, പമ്പാ ത്രിവേണിയിലെ മണൽക്കടത്ത് എന്നിവയെക്കുറിച്ചാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. അനധികൃത നിയമനങ്ങളെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കത്ത് കൊടുത്തു. രണ്ടു മാസമായിട്ടും വിജിലൻസ് ഡയറക്ടർ ഒരു നടപടിയും എടുത്തിട്ടില്ല. അദ്ദേഹത്തോട് ചോദിക്കുമ്പോൾ സർക്കാരിന്റെ അനുമതിക്കായി കൊടുത്തിരിക്കുകയാണെന്നാണു പറയുന്നത്.

ഐ.ടി. സെക്രട്ടറി എന്നനിലയിൽ എം. ശിവശങ്കർ നടത്തിയിട്ടുള്ള അനധികൃത നിയമനങ്ങളെപ്പറ്റി പ്രതിപക്ഷം ആരോപണം ഉന്നയിച്ചതോടെ നിയമനം ലഭിച്ചവർ ഓരോരുത്തരായി രാജിവെക്കുകയാണ്. ലക്ഷക്കണക്കിന് ചെറുപ്പക്കാർ പി.എസ്.സി. റാങ്ക് ലിസ്റ്റിൽ പേരുവന്ന് കാത്തിരിക്കുമ്പോൾ അവർക്ക് നിയമനം നൽകുന്നില്ല. പകരം പിൻവാതിൽ നിയമനങ്ങൾ നടക്കുന്നു. അതിനെപ്പറ്റി അന്വേഷണമില്ല.

ഉപ്പു തിന്നുന്നതേയുള്ളൂ, ആരും വെള്ളം കുടിക്കുന്നില്ല. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. അതിനാണ് വിജിലൻസെന്നും ചെന്നിത്തല ഓർമിപ്പിച്ചു.

കുട്ടി മരിച്ച സംഭവം ഞെട്ടിക്കുന്നത്

നാണയം വിഴുങ്ങിയ കുട്ടി ചികിത്സകിട്ടാതെ മരിച്ച സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ്. എറണാകുളം ജില്ലാ ആശുപത്രിയിൽ പോയപ്പോൾ ചികിത്സ നൽകിയില്ല. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിയിട്ടും ചികിത്സിച്ചില്ല. ഇത് ഗുരുതര വീഴ്ചയാണ്. ഉത്തരവാദികൾക്കെതിരേ കർശനനടപടി വേണം -അദ്ദേഹം ആവശ്യപ്പെട്ടു.