തിരുവനന്തപുരം: വാഹനങ്ങൾക്ക് അഴകളവ് പട്ടികയുമായി കേന്ദ്രസർക്കാർ. ഒാരോതരം വാഹനങ്ങൾക്കും വീതിയും നീളവും ഉയരവും നിഷ്‌കർഷിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. മോഡലുകളുടെ സുരക്ഷാ പരിശോധന നടത്തി നിർമാണാനുമതി നൽകിയിരുന്നതിനാണ് അവസാനമാകുന്നത്. നിഷ്‌കർഷിക്കുന്ന അളവുകൾ പാലിച്ചുവേണം ഇനി വാഹനങ്ങൾ നിർമിക്കാൻ.

കാറിന്റെയും ജീപ്പിന്റെയും എസ്.യു.വി.കളുടെയും സങ്കരയിനങ്ങൾ നിരത്തിലെത്തിയതോടെ വാഹനങ്ങൾ വേർതിരിച്ചിരുന്ന പഴയ നിർവചനങ്ങൾ കാലഹരണപ്പെട്ടിരുന്നു. നികുതി കണക്കാക്കാൻ സ്ലാബ് തിരിക്കാനും ബുദ്ധിമുട്ടുണ്ടായി. എൻജിൻ ശേഷിയനുസരിച്ച് തരംതിരിക്കുന്നതും ശാസ്ത്രീയമല്ലെന്നു കണ്ടെത്തി.

ഇതിനു പരിഹാരമായി വാഹനങ്ങളെ അവയുടെ ഉപയോഗം അടിസ്ഥാനമാക്കി പ്രത്യേക വിഭാഗങ്ങളായി തിരിച്ച് അളവുകൾ നിശ്ചയിക്കുകയാണു ചെയ്തിട്ടുള്ളത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കു പുറമേ കാറുകൾ, ബസുകൾ, ലോറികൾ, ട്രെയിലറുകൾ, കാർഷിക-വ്യാവസായിക ഉപയോഗത്തിനുള്ള വാഹനങ്ങൾ എന്നിങ്ങനെ പത്തുവിഭാഗങ്ങളിലായി 32 തരം വാഹനങ്ങളാണ് നിലവിലുണ്ടാകുക.

ഓട്ടോറിക്ഷയ്ക്കു തുല്യമാണെങ്കിലും നാലു ചക്രങ്ങളുള്ള ക്വാഡ്രാസൈക്കിളുകൾക്കും പാസഞ്ചർ, ചരക്ക് വകഭേദങ്ങളുണ്ട്. ഇരുചക്ര വാഹനങ്ങളെ എൽ-1, എൽ-2 എന്നിങ്ങനെ തിരിച്ചപ്പോൾ ഇ-ഓട്ടോറിക്ഷകളും പ്രത്യേകവിഭാഗമായി. നിർമാണ, കാർഷികമേഖലയിലെ വാഹനങ്ങൾക്ക് മഞ്ഞനിറത്തിലെ വരയും കറുപ്പും വെളുപ്പും വരകളും തിരിച്ചറിയൽ ലൈറ്റുകളും നിർബന്ധമാക്കി.

കാറുകൾക്കും രണ്ട് വിഭാഗമുണ്ട്. ലിമോസിനുകളുടെ പരമാവധി നീളം 12 മീറ്ററാണ്. സ്ലീപ്പർകോച്ച് ബസുകൾക്ക് 15 മീറ്ററും വെസ്റ്റിബ്യൂളുകൾക്ക് 25 മീറ്ററും നീളമാകാം. ഇവ ഓടിക്കാൻ സംസ്ഥാനസർക്കാരുകളുടെ അനുമതി വാങ്ങണം. നിരീക്ഷണക്യാമറകൾ, ഇന്റർകോം എന്നിവ നിർബന്ധം. ഡബിൾ ഡക്കറുകൾക്ക് 4.75 മീറ്ററാണ് പരമാവധി ഉയരം.

ഇരുചക്ര വാഹനങ്ങളും കാറുകളും കൊണ്ടുപോകുന്ന കൺടെയ്‌നറുകളെയും ആക്‌സിലുകളുടെ അടിസ്ഥാനത്തിൽ മൂന്നായി തിരിച്ചു. പരമാവധി 12 മീറ്റർ നീളവും 4.75 മീറ്റർ ഉയരവുമാണ് അനുവദിച്ചിട്ടുണ്ട്. കൺടെയ്‌നറുകൾക്കുള്ളിൽ രണ്ടു നിലയായി മാത്രമേ വാഹനങ്ങൾ കൊണ്ടുപോകാവൂ. ഫാക്ടറികളിൽനിന്നു കാറുകളുമായി പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായതിനെ തുടർന്നാണ് ഭാരം നിയന്ത്രിച്ചത്. റോഡ് ട്രെയിലറുകൾക്ക് 25.25 മീറ്ററും മെക്കാനിക്കൽ ട്രെയിലറുകൾക്ക് 50 മീറ്ററും നീളമാകാം.