തിരുവനന്തപുരം: അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിലാണ് തീവ്രമഴയ്ക്ക് ഇപ്പോൾ സാധ്യത പ്രവചിച്ചിരിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദത്തിനുള്ള സാധ്യത സ്ഥിരീകരിച്ചു. തിങ്കളാഴ്ച മുതൽ ആറുവരെയാണ് ഇപ്പോൾ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളത്. മുൻവർഷങ്ങളിൽ പ്രളയത്തിനു കാരണമായ തീവ്രമഴ പെയ്തത് ഇത്തരം ന്യൂനമർദത്തിന്റെ ഫലമായാണ്. സംസ്ഥാനമെങ്ങും ജാഗ്രതപാലിക്കാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.

മറ്റു ജില്ലകളിൽ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം, കർണാടകം, ലക്ഷദ്വീപ്, മാലദ്വീപ് സമുദ്രമേഖലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് വിലക്കി.

ഓറഞ്ച് ജാഗ്രത

ഓഗസ്റ്റ് 3: ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്.

ഓഗസ്റ്റ് 4: കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

ഓഗസ്റ്റ് 5: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

ഓഗസ്റ്റ് 6: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.