കൊച്ചി: രാത്രിയിൽ മെട്രോ തൂണുകൾക്കിടയിൽ വീൽച്ചെയറിലിരിക്കുമ്പോൾ വാഹനങ്ങളുടെ ലൈറ്റ് കണ്ണിൽ കുത്താതിരിക്കാൻ ഷാജഹാൻ കൈകൊണ്ട് മുഖംപൊത്തും. കണ്ണ് നിറയുന്നത് പിന്നെ ആരും കാണില്ലല്ലോ. ആ ഇരിപ്പിലാണ് ഷാജഹാൻ ഉറങ്ങുന്നതും.

പകൽ, നഗരത്തിലൂടെ വീൽച്ചെയറിൽ കറങ്ങിനടക്കും. ആരെങ്കിലും വെള്ളമോ ഭക്ഷണമോ നൽകിയാൽ കഴിക്കും. ഒന്നും കിട്ടാഞ്ഞാൽ പട്ടിണികിടക്കും. കണ്ടപ്പോൾ ഷാജഹാൻ ചോദിച്ചത് ഇത്രമാത്രം- ‘‘എവിടെയെങ്കിലും ഒന്നു കിടക്കാൻ പറ്റുമോ? എന്തെങ്കിലും കഴിക്കാനും?’’

ഷാജഹാൻ നഗരത്തിലൂടെ അലയാൻ തുടങ്ങിയിട്ട് ഏറെനാളായി. ഭാര്യയും മകളും തന്നെ ഉപേക്ഷിച്ചെന്ന് ഷാജഹാൻ പറയുന്നു. കുട്ടിക്കാലത്തേ നാടുവിട്ടു. ഏറെക്കാലം സർക്കസിലായിരുന്നു. പിന്നീട് പലയിടത്തും ജോലിചെയ്തു. എന്നാൽ, ഇക്കാലങ്ങളിലുണ്ടായ പത്തോളം അപകടങ്ങൾ ഷാജഹാനെ തളർത്തി. ഒടുവിലത്തെ അപകടം വീൽച്ചെയറിലുമാക്കി.

ലോക്ഡൗൺ വന്നതോടെയാണ് ഷാജഹാൻ ശരിക്കും തളർന്നത്. ‘‘പണ്ടൊക്കെ ആരെങ്കിലുമൊക്കെ കഴിക്കാൻ തരുമായിരുന്നു. ഇപ്പോൾ എങ്ങോട്ടും, ആരുടെ മുന്നിലും പോകാൻ പറ്റുന്നില്ല’’- ഷാജഹാൻ പറയുന്നു.

നെഞ്ചോടുചേർത്ത് ഒരു ബാഗ് വെച്ചിട്ടുണ്ടാകും എപ്പോഴും. ഒരു പുതപ്പും ഒന്നുരണ്ടു വസ്ത്രങ്ങളുമാണ് അതിൽ. ഒപ്പം നിധിപോലെ ഒരു സമ്മാനവും. സർക്കസ് കാലത്തെ അഭ്യാസത്തിന് ആരോ സമ്മാനിച്ചത്. പിരിയുമ്പോൾ ഷാജഹാൻ വീണ്ടും ചോദിച്ചു- ‘‘ഒന്നു കിടക്കാൻ പറ്റുമോ? കഴിക്കാൻ കിട്ടുമോ’’