തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരേ അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്റെ അനുമതി തേടി. കൺസൽട്ടൻസികളുടെ മറവിൽ അദ്ദേഹം നടത്തിയെന്നു പറയുന്ന അഴിമതിയെക്കുറിച്ചും അനധികൃത നിയമനത്തെക്കുറിച്ചും അന്വേഷിക്കാനാണ് അനുമതി തേടിയത്.

കെ.എസ്.ഐ.ടി.ഐ.എലിനുകീഴിലുള്ള സ്‌പെയ്‌സ് പാർക്കിൽ, ക്രൈംബ്രാഞ്ച് കേസുള്ള സ്വപ്നാ സുരേഷിനെ നിയമിച്ചത് ശിവശങ്കർ നിർദേശിച്ചതിനാലാണെന്ന് ചീഫ് സെക്രട്ടറിയും ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ, വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നില്ല.

തുടർച്ചയായ പരാതികൾ

ശിവശങ്കറിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയിരുന്നു. തുടർച്ചയായി പരാതികൾ നൽകിയിട്ടും മറ്റു നടപടികൾ സ്വീകരിക്കാത്തതിനാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ചിലർ വിജിലൻസ് ഡയറക്ടറെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അനുമതിക്കായി ഫയൽ ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയത്.

ബെവ്‌കോയ്ക്കായി ആപ്പ്, പമ്പയിലെ മണലെടുപ്പ് എന്നിവ സംബന്ധിച്ച പരാതിയും വിജിലൻസ് നൽകിയ ഫയലിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണു സൂചന. അന്വേഷണത്തിന് അനുമതി നൽകേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്.