കൊച്ചി: കോവിഡ് പടരുമ്പോൾ, തെരുവിൽ കഴിയുന്നവർക്ക് നൽകിയിരുന്ന കരുതൽ കൈവിട്ടുപോയി. കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിൽ, ലോക്ക്ഡൗണിൽ തെരുവിൽ കഴിഞ്ഞവരെ ശ്രദ്ധിക്കാൻ തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനവുമെല്ലാം ഉണ്ടായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ അഭയ കേന്ദ്രങ്ങൾ തുറന്നായിരുന്നു ഇവരെയെല്ലാം പാർപ്പിച്ചിരുന്നത്. തെരുവിൽ കഴിയുന്നവർക്ക് കോവിഡ് പകരാനും അവരിലൂടെ സാമൂഹ്യ വ്യാപനം ഉണ്ടാകാനും ഇടയുണ്ടെന്ന വിലയിരുത്തലിൽ പ്രത്യേക താമസ സൗകര്യം ഒരുക്കാൻ സർക്കാർ തന്നെ നിർദേശിക്കുകയായിരുന്നു.

സന്നദ്ധ പ്രവർത്തകരുടേയും മറ്റും സഹകരണത്തോടെ, തെരുവിൽ കഴിയുന്ന ആയിരക്കണക്കിന് ആളുകളെ സംസ്ഥാനത്ത്, സ്കൂളുകളിലും മറ്റുമായി തുറന്ന അഭയ കേന്ദ്രങ്ങളിൽ എത്തിക്കുകയായിരുന്നു. എന്നാൽ ലോക്ക്ഡൗൺ തീരുംമുമ്പുതന്നെ ഇവർക്ക് അഭയകേന്ദ്രങ്ങളിൽനിന്ന് ഇറങ്ങേണ്ടി വന്നു. സ്കൂൾ തുറക്കുന്നതിന്റെ പേരുപറഞ്ഞാണ് അഭയകേന്ദ്രങ്ങളെല്ലാം നിർത്തിയത്.

സംസ്ഥാനത്ത് മുപ്പതിനായിരത്തോളം പേർ തെരുവിൽ അലയുന്നുണ്ടെന്നാണ് സന്നദ്ധ പ്രവർത്തകരുടെ കൈയിലുള്ള ഏകദേശ കണക്ക്. ഇവർ തെരുവിൽ പ്രശ്നങ്ങളുണ്ടാക്കുമ്പോൾ, പോലീസ് സ്ഥലത്ത് എത്തുമെങ്കിലും കോവിഡ് ഭീതിയിൽ കാഴ്ചക്കാരായി നിൽക്കുന്ന അവസ്ഥയാണ്.

ഇവരെ സംസ്ഥാന സർക്കാരിന്റെ സാമൂഹ്യക്ഷേമ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കണമെങ്കിൽ കോവിഡ് ടെസ്റ്റ് നടത്തണം. അവരെ റോഡിൽനിന്ന് കൊണ്ടുപോകാൻ സർക്കാർ സംവിധാനമില്ല. സന്നദ്ധ പ്രവർത്തകർ രംഗത്തുവന്നാൽത്തന്നെ, കോവിഡ് ടെസ്റ്റ് നടത്താനുള്ള പരിമിതികൾ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.

രോഗവ്യാപനം ഉണ്ടാവാതിരിക്കാൻ വയോജന മന്ദിരങ്ങളിലേക്ക് ആളുകളെ കൊണ്ടുവരുന്നതും അവിടെ ഉള്ളവരെ പുറത്തേക്ക് വിടുന്നതും കഴിഞ്ഞ ദിവസംമുതൽ സർക്കാർ കർശനമായി തടഞ്ഞിട്ടുണ്ട്. പുതിയവരെ പ്രവേശിപ്പിച്ചാൽ ജീവനക്കാർക്കെതിരേ നടപടിയെടുക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.

തെരുവിൽ കഴിയുന്നവർക്കായി സർക്കാർതന്നെ മുൻകൈ എടുത്ത് കോവിഡ് പരിശോധന നടത്തണമെന്നാണ് സന്നദ്ധ പ്രവർത്തകർ പറയുന്നത്.

പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങൾ വേണം

തെരുവിൽ കഴിയുന്നവർക്കായി എല്ലാ ജില്ലകളിലും പ്രത്യേക കോവിഡ് നിരീക്ഷണ കേന്ദ്രങ്ങൾ തുറക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. തെരുവിലുള്ളവർക്ക് ഇത്തരം കേന്ദ്രങ്ങൾ തുടങ്ങുമ്പോൾത്തന്നെ മാനസിക രോഗികൾക്കായി പ്രത്യേക മുറികളും വേണം.

-മുരുകൻ തെരുവോരം

ജീവകാരുണ്യ പ്രവർത്തകൻ