തിരുവനന്തപുരം: 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30-ന് ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. എം.പി.മാർ, എം.എൽ.എ.മാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

സർക്കാരിന്റെ ആർദ്രം മിഷന്റെ ഭാഗമായാണിത്. ഒന്നാംഘട്ടത്തിൽ 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. രണ്ടാംഘട്ടത്തിൽ തിരഞ്ഞെടുത്ത 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പ്രവർത്തനസജ്ജമായ 102 എണ്ണത്തിന്റെ ഉദ്ഘാടനമാണ് നടക്കുന്നതെന്ന് മന്ത്രി ശൈലജ അറിയിച്ചു.

വൈകീട്ട് ആറുവരെയാണ് പ്രവർത്തനസമയം. നിത്യേനയുള്ള ജീവിതശൈലീരോഗ ക്ലിനിക്കുകൾ, ഡോക്ടർമാരെ കാണുന്നതിനുമുമ്പ് നഴ്‌സുമാർവഴി പ്രീ ചെക്കപ്പിനുള്ള സൗകര്യം എന്നിവ ഈ കേന്ദ്രങ്ങളിലുണ്ട്.