പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ മുക്കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തെ ദളിത് വിഭാഗങ്ങൾക്ക് സാമൂഹികനീതി, സാമ്പത്തിക നീതി, രാഷ്ട്രീയ അധികാരത്തിൽ പങ്കാളിത്തം എന്നിവ നേടാനായിട്ടില്ലെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന സെക്രട്ടറി എൻ.കെ.വത്സൻ പറഞ്ഞു. ഇവ നേടിയെടുക്കുന്നതിനായി ദളിത് സമൂഹം അയ്യങ്കാളിയുടെ സമരമാതൃകകൾ പിന്തുടരണം.

സോഷ്യലിസ്റ്റ് എസ്.സി.-എസ്.ടി. സെന്ററിന്റെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ 158-ാം ജയന്തിയാഘോഷത്തിന്റെ സംസ്ഥാനതലസമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയ്യങ്കാളി ചിത്രത്തിൽ പുഷ്പാർച്ചന, മധുര വിതരണം എന്നിവയോടുകൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. 140 കേന്ദ്രങ്ങളിൽ ആഘോഷം നടത്തി.

സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഐ.കെ.രവീന്ദ്രരാജ് അധ്യക്ഷത വഹിച്ചു. അഡ്വ. ഡി.പി.കാഞ്ചീറാം മുഖ്യപ്രഭാഷണം നടത്തി. ചെറുവയ്ക്കൽ അർജുനൻ, പി.എസ്.പ്രസാദ്, കെ.കെ.വേലായുധൻ, രമേശ് വൈത്തിരി, മാത്യു ഇടുക്കി, എം.കെ.രാമൻകുട്ടി, പാറമ്പുഴ ഗോപി, ആലപ്പി സുഗുണൻ, സജൻ സി.മാധവൻ, എം.വി.ആരുഷൻ, ആൻഡ്രൂസ് ജോർജ്, രാജൻ പള്ളിക്കൽ എന്നിവർ പ്രസംഗിച്ചു.