കണ്ണൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമായ കോൺഗ്രസ് ഭവൻ വ്യാഴാഴ്ച എ.ഐ.സി.സി. മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. രാവിലെ 10.30-ന് ഓൺലൈനായാണ് ഉദ്‌ഘാടനം. എൻ.രാമകൃഷ്ണൻ സ്മാരക ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ ജില്ലയിലെ മുതിർന്ന പാർട്ടി ഭാരവാഹികൾ മാത്രമാണ് പങ്കെടുക്കുക. പ്രത്യേക പാസ് മുഖേന പങ്കാളിത്തം നിയന്ത്രിച്ചിട്ടുണ്ട്.

കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി. അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എൻ.രാമകൃഷ്ണൻ സ്മാരക ഓഡിറ്റോറിയവും കെ.മുരളീധരൻ എം.പി. കെ.കരുണാകരൻ സ്മാരക ഹാളും ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ മഹാത്മാഗാന്ധിയുടെ പ്രതിമ അനാവരണം ചെയ്യും.

കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. കെ.സുരേന്ദ്രൻസ്മാരക വായനമുറിയും പി.ടി.തോമസ് എം.എൽ.എ. സാമുവൽ ആറോൺസ്മാരക രാഷ്ട്രീയ റഫറൻസ് ലൈബ്രറിയും ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ഡി.സി.സി. പ്രസിഡന്റ്‌ സതീശൻ പാച്ചേനി, എം.പി.മാരായ എം.കെ.രാഘവൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ടി.സിദ്ദിഖ് എം.എൽ.എ., എ.ഐ.സി.സി. സെക്രട്ടറി പി.വി.മോഹനൻ തുടങ്ങിയവർ പങ്കെടുക്കും.