തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമപദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയാനും തിരഞ്ഞെടുക്കാനുമുള്ള കേന്ദ്രീകൃത പ്ലാറ്റ്‌ഫോം വരുന്നു. ഇതിനായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്ന പദ്ധതിക്ക് മന്ത്രിസഭായോഗം തത്ത്വത്തിൽ അംഗീകാരംനൽകി.

ആദ്യഘട്ടമായി 34.32 കോടി രൂപ ചെലവിൽ അനുബന്ധ സോഫ്റ്റ്‌വേർ, ഹാർഡ്‌വേർ, മാനവ വിഭവശേഷി എന്നിവ ഉൾപ്പെടെ ‘ആധാർ വോൾട്ട്’ സ്ഥാപിക്കും. ഭരണാനുമതി നൽകാൻ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് അനുവാദം നൽകി.

നാനൂറിലേറെ സാമൂഹികക്ഷേമ പദ്ധതികളാണ് നിലവിലുള്ളത്. ഇവയുടെ നിർവഹണത്തിനും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനും ഓരോ വകുപ്പുകൾക്കും വെവ്വേറെ നടപടിക്രമങ്ങളാണ്.

കുടുംബത്തെ അടിസ്ഥാന യൂണിറ്റായി പരിഗണിച്ച് ഗുണഭോക്താക്കളുടെ ഏകീകൃത വിവരശേഖരം ഉണ്ടാക്കുന്ന പദ്ധതിയാണ് യൂണിഫൈഡ് രജിസ്ട്രി. ഇതിലൂടെ, അർഹതയില്ലാത്തവർ ആനുകൂല്യങ്ങൾ നേടുന്നത് ഒഴിവാക്കി ഗുണഭോക്തൃ തിരഞ്ഞെടുപ്പ് സുതാര്യവും ഫലപ്രദവുമാക്കാനാകും.

സാമൂഹിക, സാമ്പത്തിക, ജനസംഖ്യാപരമായ വിവരങ്ങൾ ഒറ്റ സ്രോതസ്സിൽനിന്നു ലഭിക്കുന്നതോടെ എല്ലാ സർക്കാർ ക്ഷേമപദ്ധതികളുടെയും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാൻ ഇത് ഉപയോഗിക്കാം.