കൊച്ചി: ശ്രീലങ്കൻ മീൻപിടിത്ത ബോട്ടിൽനിന്ന് ആയുധങ്ങളും ലഹരിമരുന്നും പിടികൂടിയ സംഭവത്തിൽ പ്രതികൾക്കെതിരേ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ.) ചുമത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.).

എൽ.ടി.ടി.ഇ.യ്ക്ക് പ്രതികൾ സഹായം ചെയ്തുനൽകിയിരുന്നതായി എൻ.ഐ.എ. ചൂണ്ടിക്കാട്ടി. ഇന്ത്യയിലും ശ്രീലങ്കയിലും എൽ.ടി.ടി.ഇ.യുടെ പ്രവർത്തനങ്ങൾ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഇതെല്ലാം വ്യക്തമാക്കിയാണ് യു.എ.പി.എ. ചുമത്തണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതിയെ എൻ.ഐ.എ. സമീപിച്ചിരിക്കുന്നത്.

കഴിഞ്ഞവർഷം മാർച്ച് 18-ന് കോസ്റ്റ് ഗാർഡാണ് ബോട്ടിൽനിന്ന് വലിയ അളവിൽ ലഹരിമരുന്നും ആയുധങ്ങളും പിടികൂടിയത്. ആറു ശ്രീലങ്കൻ പൗരന്മാരെയും അറസ്റ്റുചെയ്തു. പിന്നീട് എൻ.ഐ.എ. അന്വേഷണം ഏറ്റെടുത്തു. രണ്ടുപേരെക്കൂടി ചെന്നൈയിൽനിന്ന് അറസ്റ്റുചെയ്തു.

അനധികൃത ചരക്കുകൈമാറ്റത്തിൽ ഉൾപ്പെട്ടിരുന്നവരാണ് പ്രതികൾ. ഇവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചതിൽ എൽ.ടി.ടി.ഇ. സംഘവുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ ഒട്ടേറെ സിം കാർഡുകൾ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. വിദേശരാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തവയും ഇക്കൂട്ടത്തിലുണ്ട്.

അറസ്റ്റിലായവരും ഒളിവിൽക്കഴിയുന്ന കുറ്റാരോപിതരായ വ്യക്തികളും ചേർന്ന് ശ്രീലങ്ക, ഇന്ത്യ, പാകിസ്താൻ, യു.എ.ഇ. എന്നിവിടങ്ങളിൽെവച്ച് ഗൂഢാലോചന നടത്തി. തീവ്രവാദ സംഘമുണ്ടാക്കി. വിവിധ രാജ്യങ്ങളിൽനിന്ന് പണം പിരിച്ചതായും കണ്ടെത്തി. ആയുധങ്ങളും ലഹരിമരുന്നുമെല്ലാം വാങ്ങാൻ ദുബായിലേക്ക് ഹവാല ചാനൽ വഴിയാണ് പണം കൈമാറിയത്. ഇത് എൽ.ടി.ടി.ഇ.യ്ക്കായി ശ്രീലങ്കയിലേക്കു കടത്താനാണ് ഉദ്ദേശിച്ചിരുന്നത്. എൽ.ടി.ടി.ഇ.യുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്ന ഈ നടപടി ഇന്ത്യയ്ക്കും സുരക്ഷാഭീഷണി സൃഷ്ടിക്കുന്നതാണ്.

പാകിസ്താൻ പൗരൻ വഴിയാണ് ആയുധങ്ങളും ലഹരിമരുന്നും ലഭിച്ചതെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ വ്യക്തമാക്കിയിട്ടുണ്ട്. ദുബായിലെ സഹായികളാണ് പാക് പൗരന് പ്രതിഫലം നൽകിയത്. അതും ഹവാല ശൃംഖലയിലൂടെയായിരുന്നു. എൽ.ടി.ടി.ഇ.യുടെ പേരിലുള്ള ഒട്ടേറെ ഇ-മെയിലുകൾ പ്രതികൾ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ടെന്ന് എൻ.ഐ.എ. കോടതിയിൽ വ്യക്തമാക്കി.