തിരുവനന്തപുരം: രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും വാക്‌സിനേഷൻ മികച്ചരീതിയിൽ മുന്നോട്ടുപോകുന്നതിനാൽ അധികംവൈകാതെ രോഗവ്യാപനത്തോത് നിയന്ത്രിതമാകുമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞത് രോഗബാധ അപകടകരമാകാത്ത സാഹചര്യമാണ് എന്നതിന്റെ സൂചനയാണ്. അതിനാൽ കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക മേഖലകളെ കൂടുതൽ സജീവമാക്കാനുള്ള ആലോചനകൾ അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. കേരളത്തിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് വിദഗ്ധർ പറഞ്ഞു. കോവിഡ് സാഹചര്യം വിലയിരുത്താനും മാർഗനിർദേശങ്ങൾ നൽകാനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് വിദേശത്തുനിന്നുൾപ്പെടെയുള്ള വിദഗ്ധർ കേരളത്തെ അഭിനന്ദിച്ചത്.

ഡോ. ഭരത് പങ്കാനിയ (സീനിയർ ക്ലിനിക്കൽ ലക്ചറർ, യൂണിവേഴ്‌സിറ്റി ഓഫ് എക്‌സിറ്റർ മെഡിക്കൽ സ്‌കൂൾ, യു.കെ), ഡോ. ഡേവിഡ് പീറ്റേഴ്‌സ് (എഡ്ഗർ ബർമൻ ചെയർ ഇൻ ഇന്റർനാഷണൽ ഹെൽത്ത്, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി, യു.എസ്.എ.), ഡോ. ദേവി ശ്രീധർ (ചെയർ ഓഫ് ഗ്ലോബൽ പബ്ലിക് ഹെൽത്ത് അറ്റ് ദ യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗ്), ഡോ. അജയ് മഹൽ (പ്രൊഫസർ ഓഫ് ഹെൽത്ത് എക്കണോമിക്‌സ് ആൻഡ് ഗ്ളോബൽ ഹെൽത്ത് സിസ്റ്റംസ് റിസർച്ച്, യൂണിവേഴ്‌സിറ്റി ഓഫ് മെൽബൺ), ഡോ. സാങ്‌സുപ് റ (ചെയർ ഓഫ് ദി എജ്യുക്കേഷൻ സെക്ടർ ഗ്രൂപ്പ് എ.ഡി.ബി.), ഡോ. ഡേവിഡ് വിൽസൺ (വേൾഡ് ബാങ്ക്, ടീം ലീഡർ ഫോർ കോവിഡ്), ഡോ. ആർ.ആർ. ഗംഗാഖേദ്കർ (റിട്ട. ഹെഡ് എപ്പിഡമോളജി ഐ.സി.എം.ആർ.), ഡോ. അനുരാഗ് അഗർവാൾ (ഡയറക്ടർ ഐ.ജി.ഐ.ബി., സി.എസ്.ഐ.ആർ., ന്യൂഡൽഹി), ഡോ. ജേക്കബ് ജോൺ (റിട്ട. പ്രൊഫസർ ഓഫ് ക്ലിനിക്കൽ വൈറോളജി, സി.എം.സി. വെല്ലൂർ), ഡോ. സഞ്ജയ് പൂജാരി (ഡയറക്ടർ ആൻഡ് ചീഫ് കൺസൽട്ടൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ്, പുണെ), ഡോ. ഗിരിധർ ബാബു, ഡോ. ഷാഹിദ് ജമീൽ, ഡോ. സ്വരൂപ് സർക്കാർ, മുരളി തുമ്മാരുകുടി, ഡോ. ആർ. ചാന്ദ്‌നി, ഡോ. അനൂപ് വാര്യർ, ഡോ. എസ്. അശ്വതി, ഡോ. ബിജു സോമൻ, ഡോ. രാജലക്ഷ്മി, ഡോ. ഫാസിൽ അബൂബക്കർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ഡോ. ബി. ഇക്ബാൽ ചർച്ച നിയന്ത്രിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആരോഗ്യ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ എന്നിവരും യോഗത്തിൽ സംസാരിച്ചു.