അടിമാലി: വ്യാജമായ ഹാൾമാർക്ക് അടയാളം പതിപ്പിച്ച മുക്കുപണ്ടം പണയംവെച്ച് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ലക്ഷങ്ങൾ തട്ടിയെടുത്ത സ്ത്രീയുൾപ്പെടെ നാലുപേർ അറസ്റ്റിൽ. ഒരാൾ ഒളിവിൽ.

കഞ്ഞിക്കുഴി പുത്തൻപുരയ്ക്കൽ സാബുവിന്റെ ഭാര്യ മഞ്ജുഷ (27), വാത്തിക്കുടി പെരുന്തൊട്ടി കപ്പിയാരുകുന്നേൽ സുനീഷ് (28), കട്ടപ്പന കാട്ടുകുടിയിൽ സുഭാഷ് (കുഞ്ചു ആശാരി-48), അടിമാലി കാംകോ ജങ്ഷനിൽ വർക്ക്ഷോപ്പ് നടത്തുന്ന ഷിജു (28) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കീരിത്തോട് മാടപ്രയിൽ മനോഹരൻ (മനു-32) ഒളിവിലാണ്.

സംഭവംസംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: ഒന്നാംപ്രതിയായ മഞ്ജുഷ ഓഗസ്റ്റ് 16-ന് നാല് പവൻ മുക്കുപണ്ടം അടിമാലി യൂണിയൻ ബാങ്ക് ശാഖയിൽ പണയംവെച്ച് 92,000 രൂപയെടുത്തു. ഇത് മുക്കുപണ്ടമാണെന്ന് ബാങ്ക് അധികൃതർ അറിയുന്നത് 28-നാണ്. ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ജുഷയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാലുപേർകൂടി അറസ്റ്റിലായത്.

മുക്കുപണ്ടം പണിത് ആഭരണത്തിൽ വ്യാജ ഹാൾമാർക്ക് ചെയ്യുന്നത് നാലാംപ്രതിയായ കുഞ്ചു ആശാരിയാണ്. രണ്ടാംപ്രതി സുനീഷാണ് മഞ്ജുഷയ്ക്ക് മുക്കുപണ്ടം നൽകി പണയംവെയ്ക്കാൻ അടിമാലിക്ക്‌ അയച്ചത്. ഇതിന് പ്രതിഫലമായി യുവതി സുനീഷിൽനിന്ന് കാൽലക്ഷംരൂപ പ്രതിഫലം വാങ്ങി. സംഘത്തിൽപ്പെട്ട വർക്ക്ഷോപ്പ് ഉടമ ഷിജു യൂണിയൻ ബാങ്കിൽനിന്ന് മുക്കുപണ്ടം പണയംവെച്ച് രണ്ടരലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മറ്റ് പ്രതികൾ സ്വർണം പണയം വെയ്ക്കുന്നതിന് സഹായംചെയ്തവരാണ്.

രണ്ടാംപ്രതി സുനീഷിന് ആലപ്പുഴയിലെ ഹരിപ്പാട്, ഇടുക്കിയിലെ മുരിക്കാശ്ശേരി, ഇടുക്കി, കോട്ടയത്തെ ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ മുക്കുപണ്ടം പണയംവെച്ചതിന് കേസുണ്ട്. കൂടുതൽ പരിശോധന നടത്താതെ സ്വർണപ്പണയമെടുക്കുന്ന ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും സംഘം മനസ്സിലാക്കും. പിന്നീടാണ് മുക്കുപണ്ടവുമായി ബാങ്കുകളിലെത്തിയിരുന്നത്. അടിമാലി സി.ഐ. സുധീർ, എസ്.ഐ. കെ.എം.സന്തോഷ് എന്നിവർചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡുചെയ്തു.