കാക്കനാട്: മുനിസിപ്പൽ സെക്രട്ടറി നോട്ടീസ് പതിച്ച ചേംബറിൽ നഗരസഭ ചെയർപേഴ്സൺ തുറന്ന് കയറി. തിരികെ ഇറങ്ങാനുള്ള ശ്രമം പ്രതിപക്ഷം തടഞ്ഞതോടെ തൃക്കാക്കരയിൽ കൂട്ടത്തല്ലായി.

ബുധനാഴ്ച ഉച്ചയോടെയാണ് തൃക്കാക്കര നഗരസഭ ഓഫീസിൽ വീണ്ടും നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മുനിസിപ്പൽ സെക്രട്ടറി എൻ.കെ. കൃഷ്ണകുമാർ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ ചേംബറിൽ നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ രണ്ട് മണിയോടെയാണ് കയറിയത്. തൊട്ടുപിന്നാലെ എൽ.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധവുമായി ചേംബറിനു മുന്നിൽ അണിനിരന്നു. രണ്ടര മണിക്കൂറിനു ശേഷം പോലീസ് സഹായത്തോടെ പുറത്തിറങ്ങാൻ ചെയർപേഴ്സൺ ശ്രമിക്കുന്നതിനിടെ പ്രതിപക്ഷ പ്രതിഷേധം പിടിവിട്ടു.

പോലീസ് പിടിച്ചുമാറ്റുന്നതിനിടെ നുഴഞ്ഞുകയറിയ യു.ഡി.എഫ്. കൗൺസിലർമാർ എൽ.ഡി.എഫ്. കൗൺസിലർമാരെ ചേംബറിനു മുന്നിൽനിന്ന് നീക്കുന്നതിനിടെയാണ് കൂട്ടത്തല്ലുണ്ടായത്. കൗൺസിലർമാർ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ എൽ.ഡി.എഫിന്റെ ഏഴ് കൗൺസിലർമാർക്കും യു.ഡി.എഫിന്റെ മൂന്ന് കൗൺസിലർമാർക്കും പരിക്കേറ്റു.

തിങ്കളാഴ്ചയാണ് ചെയർപേഴ്സന്റെ ചേംബറിനു മുന്നിലെ വാതിലിൽ നഗരസഭാ സെക്രട്ടറി നോട്ടീസ് പതിച്ചത്. ഓണസമ്മാന വിവാദവുമായി ബന്ധപ്പെട്ട സി.സി.ടി.വി. ദൃശ്യങ്ങൾ സംരക്ഷിക്കുന്നതിന് വിജിലൻസ് നിർദേശ പ്രകാരമായിരുന്നു സെക്രട്ടറി നോട്ടീസ് പതിച്ചത്. എന്നാൽ ഓഫീസിൽ കയറുന്നതിൽനിന്ന് ചെയർപേഴ്സണെ വിലക്കാനുള്ള അധികാരം സെക്രട്ടറിക്കില്ലെന്ന് നിയമോപദേശം ലഭിച്ച അജിത തങ്കപ്പൻ നഗരസഭയിലെത്തി. ഓഫീസിലെത്തിയ അവർ സ്വന്തം താക്കോലുപയോഗിച്ച് അകത്തുകയറി.

പിന്നാലെ പ്രതിപക്ഷ കൗൺസിലർമാർ ഇരച്ചെത്തിയെങ്കിലും ചേംബർ അകത്തുനിന്ന് പൂട്ടിയതിനാൽ ഉള്ളിൽ കയറാനായില്ല. തുടർന്ന് മുഴുവൻ എൽ.ഡി.എഫ്. അംഗങ്ങളും ചേംബറിനു മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിക്കുക യായിരുന്നു.

അഴിമതിക്കാരിയായ ചെയർപേഴ്സൺ രാജിവെക്കുക, ചേംബറിൽ അതിക്രമിച്ചു കടന്നതിന് അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. പുറത്ത് പ്രതിഷേധം നടക്കുമ്പോൾ ചെയർപേഴ്സൺ ഫയൽ നോട്ടത്തിന്റെ തിരക്കിലായിരുന്നു. വൈകീട്ട് നാലരയോടെ തനിക്ക് ഔദ്യോഗിക കാര്യങ്ങൾക്കായി പുറത്തുപോകണമെന്ന് അവർ പോലീസിനെ അറിയിച്ചു. എന്നാൽ, പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും സെക്രട്ടറിയുടെ ഉത്തരവ് ലംഘിച്ചതിന് ചെയർപേഴ്സണെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം തുടർന്നു.

തുടർന്ന് തൃക്കാക്കര സി.ഐ. ആർ. ഷാബു എൽ.ഡി.എഫ്. കൗൺസിലർമാരെ ബലം പ്രയോഗിച്ച് പുറത്തിറക്കാൻ ശ്രമമാരംഭിച്ചു. ഒപ്പം ചെയർപേഴ്സണ്‌ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കൗൺസിലർമാരും രംഗത്തെത്തി.

ഇതിനിടെ പോലീസ് ഇടപെട്ട് യു.ഡി.എഫ്. കൗൺസിലർമാരെ നീക്കുകയും പ്രതിപക്ഷ കൗൺസിലർമാരെ വലിച്ചിഴച്ച് പുറത്തിറക്കുകയും ചെയ്തു.

വനിതാ കൗൺസിലർമാരെ വനിതാ പോലീസുമെത്തി പിടിച്ച് പുറത്താക്കിയ ശേഷമാണ് ചെയർപേഴ്സൺ അജിത തങ്കപ്പനെ പോലീസ് പുറത്തെത്തിച്ചത്.

അതോടെ, പോലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് തൃക്കാക്കര പോലീസ് സ്റ്റേഷനു മുൻപിലും എൽ.ഡി.എഫ്. കൗൺസിലർമാർ സമരം നടത്തി.

കൗൺസിലർമാർക്ക് ചെയർപേഴ്സൺ ഓണക്കോടിയോടൊപ്പം പതിനായിരം രൂപയടങ്ങുന്ന കവർ നൽകിയെന്നാണ് ആരോപണം. പ്രതിപക്ഷ കൗൺസിലർമാർ കവർ ചെയർപേഴ്സണു തന്നെ തിരിച്ചുനൽകി വിജിലൻസിൽ പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണം നടത്തി സി.സി.ടി.വി. ദൃശ്യങ്ങളുടെ തെളിവുകളുള്ളതിനാൽ ചെയർപേഴ്സണെതിരേ കേസെടുക്കാൻ തെളിവുണ്ടെന്ന റിപ്പോർട്ടും വിജിലൻസ് ഡയറക്ടർക്ക് നൽകിയിരുന്നു.