കോന്നി(പത്തനംതിട്ട): എനിമി പ്രോപ്പർട്ടി നിയമപ്രകാരം കണ്ടുകെട്ടേണ്ട, സംസ്ഥാനത്തെ വസ്തുക്കളുടെ കണക്കെടുക്കാൻ റവന്യൂ വകുപ്പ് നടപടി തുടങ്ങി. ഇതുസംബന്ധിച്ച് ലാൻഡ്‌ റവന്യൂ കമ്മിഷണർ ജില്ലാ കളക്ടർമാരോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. എനിമി പ്രോപ്പർട്ടി വസ്തുക്കളുടെ സംരക്ഷണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയവും എനിമി പ്രോപ്പർട്ടി കസ്റ്റോഡിയനും നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എനിമി പ്രോപ്പർട്ടി വസ്തുക്കളുടെ സർവേ, ഡീമാർക്കേഷൻ, മൂല്യനിർണയം, ടൈറ്റിൽ ചേഞ്ച് എന്നിവ എല്ലാ ജില്ലകളിലും പരിശോധിക്കണം. ഇത്തരം നടപടികൾ മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പൂർത്തീകരിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. ഒരുകോടി രൂപയിൽത്താഴെ വിലവരുന്ന, എനിമി പ്രോപ്പർട്ടി നിയമപ്രകാരമുള്ള എല്ലാ വസ്തുക്കളുടെയും കണക്കെടുക്കുന്നുണ്ട്.

ഈ വസ്കുക്കളുടെ വില നിശ്ചയിച്ച് വിശദറിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന വസ്തുക്കൾ കണ്ടെത്താൻ ജില്ലാ കളക്ടർമാർ അന്വേഷണം നടത്തണമെന്നും നിർദേശമുണ്ട്. ആറുമാസത്തിനകം ഇക്കാര്യത്തിൽ നടപടികൾ പൂർത്തിയാക്കണം.

എനിമി പ്രോപ്പർട്ടി

1968-ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് എനിമി പ്രോപ്പർട്ടി ആക്ട്. പാകിസ്താൻ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ സ്വത്ത് ഏറ്റെടുക്കാനും നിയന്ത്രിക്കാനും അധികാരം നൽകുന്നതാണ് ഈ നിയമം 1965-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തെത്തുടർന്നാണ് ഈ നിയമം പാർലമെന്റ് പാസാക്കിയത്. നിയമത്തിൽ പിന്നീട് ഭേദഗതികളും ഉണ്ടായി.