കൊച്ചി: ആർ.ടി.പി.സി.ആർ. പരിശോധന നിർബന്ധമാക്കിയതിനെതിരേ തിരുവനന്തപുരം സ്വദേശി വി. ലാലു ഫയൽചെയ്ത ഹർജി സർക്കാരിന്റെ നിലപാടറിയാൻ വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. കോവിഡ് വാക്സിൻ എടുക്കാൻ തയ്യാറല്ലാത്ത വ്യക്തികൂടിയാണ് ലാലു.

കടകളിലും ഓഫീസുകളിലും പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിൽ ആർ.പി.സി.ആർ. പരിശോധന നടത്തി കോവിഡ് നെഗറ്റീവാണെന്നുള്ള സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയെയാണ് ലാലു ചോദ്യംചെയ്യുന്നത്. വാക്സിൻ എടുത്താലും മാസ്ക് അടക്കമുള്ള മുൻകരുതൽ വേണമെന്നിരിക്കെ കോവിഡ് വാക്സിൻ എടുക്കേണ്ടതില്ലെന്നതാണ് ലാലുവിന്റെ തീരുമാനം.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ ജീവനക്കാരനായ ലാലുവിന് ജോലിക്കുപോകാൻ ഇതിനോടകം നാലുതവണ ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടിവന്നു. രണ്ട് ഡോസ് വാക്സിൻ എടുത്തവരിൽ 25 ശതമാനം പേർക്ക് പിന്നീട് കോവിഡ് ബാധിച്ചിരുന്നു. നിർബന്ധമായും വാക്സിൻ എടുക്കണമെന്ന് സർക്കാരും പറയുന്നില്ലെന്ന് ലാലുവിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

എന്നാൽ, ഹോട്ടൽ ജീവനക്കാരനായതിനാൽ വാക്സിൻ എടുക്കുകയോ ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയോ വേണമെന്ന നിർദേശത്തിൽ ഇളവ് അനുവദിക്കാനാകില്ലെന്നായിരുന്നു കെ.ടി.ഡി.സി.യുടെ നിലപാട്. ഹോട്ടൽ ബയോ ബബിൾ മേഖലയാണെന്നും വാദിച്ചു.

ബയോ ബബിൾ മേഖലയായിതനാൽ ഒരുതവണ ജോലിക്കായി കയറിയാൽ പിന്നീട് തിരിച്ചുമടങ്ങുന്നതുവരെ ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതുണ്ടോ എന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ ആരാഞ്ഞു. തുടർന്നാണ് സർക്കാരിന്റെ നിലപാട് അറിയാനായി ഹർജി മാറ്റിയത്.

വ്യാപാര സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ കർശന വ്യവസ്ഥ ഏർപ്പെടുത്തുന്നത് ചോദ്യംചെയ്യുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹർജി അടുത്തയാഴ്ച പരിഗണിക്കാനും മാറ്റി.