മണർകാട്: വിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പാചരണത്തിന് മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ബുധനാഴ്ച കൊടിമരം ഉയർത്തി. ആരവങ്ങളും ആർപ്പുവിളികളുമില്ലാതെ, കന്യകാമറിയത്തോടുള്ള അപേക്ഷകളും പ്രാർഥനകളുമായി വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.

നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം പള്ളിയിലെത്തിച്ച് കരോട്ടെ പള്ളിക്കും വലിയപള്ളിക്കും മൂന്നുതവണ വലംവച്ച്, ചെത്തിമിനുക്കി കുരിശുതറച്ച് കൊടിതോരണങ്ങൾ കെട്ടി വലിയപള്ളിയുടെ പടിഞ്ഞാറെ കൽക്കുരിശിന് സമീപം ഉയർത്തി.

ചടങ്ങുകൾക്ക് യാക്കോബായ സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്താ പ്രധാനകാർമികത്വം വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. ഇ.ടി.കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ, സഹവികാരിമാരായ ഫാ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടം, ഫാ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കറുകയിൽ, ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പാ, ഫാ. തോമസ് മറ്റത്തിൽ, ഫാ.കുറിയോക്കോസ് കാലായിൽ തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങളും ഘോഷയാത്രയും ചെണ്ടവാദ്യമേളങ്ങളും ഒഴിവാക്കിയാണ് കൊടിമരം പള്ളിയിലെത്തിച്ചത്. വലിയപള്ളിയിലെ കൊടിമരം ഉയർത്തലിനുശേഷം കരോട്ടെ പള്ളിയിൽ വൈദികരുടെ കാർമികത്വത്തിൽ കൊടിയുയർത്തി.

ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ മാത്യു ജേക്കബ്, ഷാജി മാത്യു, മെൽവിൻ ടി.കുരുവിള, സെക്രട്ടറി തോമസ് രാജൻ എന്നിവർ നേതൃത്വം നൽകി. ബുധനാഴ്ച രാവിലെ കരോട്ടെ പള്ളിയിലെ കുർബാനയ്ക്കുശേഷം വലിയപള്ളിയിൽ നടന്ന മൂന്നിന്മേൽ കുർബാനയിൽ യാക്കോബായസഭാ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്താ പ്രധാന കാർമികത്വം വഹിച്ചു.

എട്ടുദിവസത്തെ പെരുന്നാൾ ചടങ്ങുകളിൽ യാക്കോബായസഭാ ശ്രേഷ്ഠകാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായും, സഭയിലെ മറ്റ് മെത്രാപ്പൊലീത്താമാരും പങ്കെടുക്കും.

ആറാംതീയതി കുരിശുപള്ളികളിലേക്കുള്ള ചരിത്രപ്രസിദ്ധമായ റാസ നടക്കും. എട്ടുനോമ്പിന്റെ ഭാഗമായി, കന്യകാമറിയം ഉണ്ണിയേശുവിനെ വഹിച്ചുനിൽക്കുന്ന തിരുസ്വരൂപം വർഷത്തിലൊരിക്കൽമാത്രം വിശ്വാസികൾക്ക് ദർശനത്തിനായി തുറന്നുകൊടുക്കുന്ന ‘നട’തുറക്കൽ ഏഴാംതീയതിയാണ്. എട്ടാംതീയതിയാണ് പ്രധാന പെരുന്നാൾ.

കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് പെരുന്നാൾ ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ 8.30-ന് വലിയപള്ളിയിൽ നടക്കുന്ന മൂന്നിന്മേൽ കുർബാനയിൽ അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്താ ഏബ്രഹാം മോർ സേവേറിയോസ് പ്രധാന കാർമികത്വം വഹിക്കും.