കൊച്ചി: സംസ്ഥാനത്തെ വനഭൂമി അടക്കമുള്ള സർക്കാർ ഭൂമിയിലെയും പട്ടയഭൂമിയിലെയും മരം മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വിശദീകരണങ്ങളിൽ വൈരുധ്യമുണ്ടെന്ന് ഹൈക്കോടതി.

ആദ്യം നൽകിയ വിശദീകരണത്തിൽ വനം, സർക്കാർ ഭൂമി, പട്ടയഭൂമി എന്നിവിടങ്ങളിൽനിന്ന് മരം മുറിച്ചതിൽ അന്വേഷണം നടക്കുന്നുവെന്നാണ് പറഞ്ഞിരുന്നത്. രണ്ടാമത് അധികമായി നൽകിയ വിശദീകരണത്തിൽ പട്ടയഭൂമിയിലെ മരം മുറിച്ചതിനു പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തെക്കുറിച്ചാണു പറയുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം പട്ടയഭൂമിയിലെ മരംമുറിയിൽ മാത്രമായി ഒതുങ്ങരുതെന്ന നിർദേശം കോടതി നൽകിയത്. വിശദീകരണത്തിലെ വൈരുധ്യം ഹർജിക്കാരനുവേണ്ടി ഹാജരായ അഡ്വ. ജോയി ജോർജ് അടുക്കവും ചൂണ്ടിക്കാട്ടി.

മരം മുറിച്ചുകടത്തിയതിനു പിന്നിൽ സർക്കാർ ഉദ്യോഗസ്ഥരുണ്ടെന്നു കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് കോടതിയെ അറിയിച്ചു.

കടത്തിയത് 2520 തേക്കും 176 ഈട്ടിയും

വനഭൂമിയിൽനിന്നടക്കം 2520 തേക്കും 176 ഈട്ടിയും വെട്ടിക്കടത്തിയെന്നാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. കോടതിക്കു കൈമാറിയ റിപ്പോർട്ടിലുളളത്. വനം നിയമപ്രകാരമാണ് കേസെടുത്തത്. സുൽത്താൻബത്തേരി. അടിമാലി, അമ്പലമേട്, ഊന്നുകൽ, വിയ്യൂർ പോലീസ് സ്റ്റേഷനുകളിലും വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങളും കോടതിക്കു കൈമാറി.

56 പേരെ അറസ്റ്റുചെയ്തതിൽ 16 പേർ ഭൂമിയുടെ ഉടമസ്ഥരാണ്. ബാക്കിയുള്ളവരിൽ തടിവ്യാപാരികളും ഇടനിലക്കാരും മില്ലുടമകളും മരംമുറിച്ചവരുമുണ്ട്. പട്ടയഭൂമിയിൽനിന്നു മുറിച്ച മരം കൊണ്ടുപോകാൻ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർമാർ അനുമതി നൽകിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വഴിവിട്ട നടപടികളെക്കുറിച്ച് വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്നും കോടതിയെ അറിയിച്ചിരുന്നു.

bbവില്ലേജ് ഒാഫീസുകളിൽ മരങ്ങളെക്കുറിച്ചു വിവരമില്ല

bbപട്ടയഭൂമിയിലെ ഷെഡ്യൂൾഡ് മരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വില്ലേജ് ഓഫീസുകളിൽ സൂക്ഷിച്ചിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. പല വില്ലേജ് ഓഫീസർമാരും ഫീൽഡിൽ പോയിട്ടില്ല. എന്തിനുവേണ്ടിയാണ് മരം മുറിക്കുന്നതെന്ന വിവരമില്ലാതെ നൽകിയ അപേക്ഷയിലും കൈവശ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.

ചിലർ ഭൂമിയുടെയും മരങ്ങളുടെയും രൂപരേഖവരെ കൈവശ സർട്ടിഫിക്കറ്റിനൊപ്പം നൽകി. മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് 582 കേസുകൾ രജിസ്റ്റർ ചെയ്തു. പോലീസ് 14 എഫ്.ഐ.ആറും.