മൂന്നാർ: കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് നിലച്ചിരുന്ന കെ.എസ്.ആർ.ടി.സി. സൈറ്റ് സീയിങ് സർവീസ് മൂന്നാറിൽ പുനരാരംഭിച്ചു. രാവിലെ ഒൻപതിന് ടോപ്‌സ്റ്റേഷനിലേക്കുള്ള ബസാണ് ചൊവ്വാഴ്ചമുതൽ സർവീസ് തുടങ്ങിയത്.

നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ച വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നതോടെയാണ് സൈറ്റ് സീയിങ് സർവീസ് പുനരാരംഭിച്ചത്.

രാവിലെ ഒൻപതിന് ആരംഭിക്കുന്ന സർവീസ് റോസ്ഗാർഡൻ, മാട്ടുപ്പട്ടി, കുണ്ടള വഴി ടോപ്‌സ്റ്റേഷനിലെത്തും. വൈകീട്ട് അഞ്ചിന് പഴയമൂന്നാർ ഡിപ്പോയിൽ സർവീസ് അവസാനിക്കും. 200 രൂപയാണ് ഒരാളുടെ നിരക്ക്.

നിയന്ത്രണങ്ങളെത്തുടർന്ന് നിർത്തിവച്ച കാന്തല്ലൂർ സർവീസ് ഉടൻ ആരംഭിക്കുമെന്നും കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു. ജനുവരി ഒന്നുമുതലാണ് വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് കെ.എസ്.ആർ.ടി.സി. സൈറ്റ് സീയിങ് സർവീസ് ആരംഭിച്ചത്.

ആനക്കുളത്തേക്ക് പോകാം...

ആനകളെ കാണാം

വിനോദസഞ്ചാരികൾക്ക് ഇനിമുതൽ കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്ത് മാങ്കുളം ആനക്കുളത്തെ കാട്ടാനകളെ അടുത്തുകാണാം. മൂന്നാർ ഡിപ്പോയിൽനിന്നാണ് ആനക്കുളത്തേക്ക് പുതിയ സർവീസ് തുടങ്ങുന്നത്. മൂന്നാറിൽനിന്ന്‌ ലക്ഷ്മി, വിരിപാറ വെള്ളച്ചാട്ടം, മാങ്കുളംവഴി ആനക്കുളത്തെത്തുന്നതാണ് പുതിയ സർവീസ്.

ഉച്ചകഴിഞ്ഞ് രണ്ടിന് മൂന്നാർ ഡിപ്പോയിൽനിന്ന്‌ സർവീസ് തുടങ്ങും. നാലുമണിയോടെ ആനക്കുളത്തെത്തും. വൈകുന്നേരങ്ങളിൽ കാട്ടാനകൾ ആനക്കുളത്തെ പുഴയിലെ ഓരുവെള്ളം കുടിക്കാനെത്തുന്നത് ഏറെ പ്രശസ്തമായ കാഴ്ചയാണ്. ഈ വെള്ളത്തിലെ ഉപ്പാണ് കാട്ടാനകളെ കൂട്ടമായി പുഴയിലേക്ക് ആകർഷിക്കുന്നത്. രാത്രിയോടെ ബസ് മൂന്നാറിൽ മടങ്ങിയെത്തും.

200 രൂപയാണ് ഒരാളുടെ ടിക്കറ്റുനിരക്ക്. വിനോദസഞ്ചാരികളുടെ വരവ് വർധിച്ചാലുടൻ ആനക്കുളം സർവീസ് ആരംഭിക്കുമെന്നും കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു.