പരവൂർ : തെക്കുംഭാഗം ബീച്ചിൽ അമ്മയ്ക്കും മകനും നേരേ സദാചാരഗുണ്ടാ ആക്രമണം നടത്തിയ പ്രതിയെ തെന്മലയിൽനിന്ന്‌ പോലീസ് പിടികൂടി. തെക്കുംഭാഗം ആശിഷ് മൻസിലിൽ ആശിഷിനെയാണ് ലോറിയിൽ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടികൂടിയത്.

കഴിഞ്ഞദിവസംമുതൽ ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. പരവൂരും പൂതക്കുളത്തും ബന്ധുവീടുകളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ ഫോൺ ഓഫാക്കിയിരുന്നതിനാൽ പിന്തുടരാൻ പ്രയാസം നേരിട്ടു. ഇയാൾ സംസ്ഥാനംവിടാൻ ശ്രമിക്കുന്നെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് പരവൂർ പോലീസ് തെന്മല പോലീസിന് വിവരം കൈമാറിയിരുന്നു. ബുധനാഴ്ച വൈകീട്ട് നാലരയോടെ തമിഴ്നാട്ടിലേക്കു പോയ ലോറിയിൽനിന്നാണ് ഇടപ്പാളയം മുരുകൻപാഞ്ചാലിൽവെച്ച് ആശിഷിനെ പോലീസ് പിടികൂടിയത്. തിരുനെൽവേലിയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. തെന്മല സ്റ്റേഷൻ ഓഫീസർ വിനോദ്, എസ്‌.ഐ. ഡി.ജെ.ശാലു, ഗ്രേഡ് എസ്.ഐ. സിദ്ദിഖ്, സി.പി.ഒ.മാരായ സുനിൽ, അനൂപ്, അനീഷ് എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് പിടികൂടിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് എഴുകോൺ ചീരങ്കാവ് കണ്ണങ്കര തെക്കതിൽ ഷംലയും മകൻ സാലുവും ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കു പോയിമടങ്ങുംവഴി തെക്കുംഭാഗത്ത് കാർ നിർത്തി ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. അസഭ്യം പറയുകയും സാലുവിനെ കമ്പിവടി ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. മകനെ മർദിക്കുന്നത് തടയാനെത്തിയ ഷംലയെയും വടിയുപയോഗിച്ച് അടിച്ചു. കഴുത്തിലും മുടിയിലും കുത്തിപ്പിടിക്കുകയും തറയിലിട്ടു ചവിട്ടുകയും ചെയ്തെന്നാണ് പരാതി. അമ്മയാണെന്നു പറഞ്ഞപ്പോൾ തെളിവു ചോദിച്ചായിരുന്നു മർദനമെന്ന് ഷംല പറയുന്നു. പതിനഞ്ചുമിനിറ്റോളം ആക്രമണം നേരിട്ട ഇവർ പരവൂർ പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചശേഷം നെടുങ്ങോലം താലൂക്ക്‌ ആശുപത്രിയിലും പിന്നീട് പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.

ഷംല തനിക്കും മകനും നേരിട്ട ആക്രമണം ചാത്തന്നൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷർ ബി.ഗോപകുമാറിനെ അറിയിച്ചതോടെയാണ് അന്വേഷണമാരംഭിച്ചത്. ഇവർ ആക്രമിക്കപ്പെട്ട രാത്രിയിൽ ആശിഷിന്റെ സഹോദരി ഇവർക്കെതിരേ സ്റ്റേഷനിൽ പരാതി നൽകി. സഹോദരന്റെ ആടിനെ ഇടിച്ചിടുകയും സഹോദരനെ മർദിക്കുകയും ചെയ്തെന്നായിരുന്നു ഇതിലുണ്ടായിരുന്നത്.

ഷംലയെയും മകനെയും മന്ത്രി കെ.ബാലഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എം.പി., ഷാഫി പറമ്പിൽ എം.എൽ.എ. തുടങ്ങിയവർ വിളിച്ച് എല്ലാസഹായവും വാഗ്ദാനം ചെയ്തു.