തിരുവനന്തപുരം: കേരള ദളിത് ഫെഡറേഷൻ നേതൃയോഗം കൊടിക്കുന്നിൽ സുരേഷിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചു. സംസ്ഥാന നേതൃയോഗം ഫെഡറേഷൻ സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്തു.

മക്കളെ അന്യജാതിക്കാർക്കു വിവാഹംകഴിച്ചു നൽകിയാൽ മാത്രമേ നാട്ടിൽ നവോത്ഥാനം വരികയുള്ളൂവെന്നു കരുതുന്ന പൊതുപ്രവർത്തകർ, സാമൂഹിക അജ്ഞതയുടെ അടയാളങ്ങളാണെന്ന് രാമഭദ്രൻ പറഞ്ഞു. അയ്യങ്കാളിയും സഹോദരൻ അയ്യപ്പനും പൊയ്‌കയിൽ കുമാരഗുരുദേവനും ഉൾപ്പെടെയുള്ളവർ നവോത്ഥാനമുന്നേറ്റം നടത്തിയത് മക്കളെ ഇതരജാതിക്കാരനു വിവാഹംകഴിച്ചു നൽകിയല്ല. സാമൂഹിക തിന്മകളോടു സന്ധിയില്ലാതെ പൊരുതിയാണ് അവർ തുല്യതയുടെ ജീവിതക്രമം സൃഷ്ടിച്ചത്. ജാതി രാഷ്ട്രീയ നിരപേക്ഷമായ സ്വകാര്യ അവകാശമാണ് വിവാഹം. അതിനെ നവോത്ഥാനവിഷയവുമായി ബന്ധപ്പെടുത്തിയ കൊടിക്കുന്നിൽ സുരേഷ്, തന്റെ രാഷ്ട്രീയപാപ്പരത്തവും സാംസ്കാരിക അധഃപതനവുമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ജനകീയ അവകാശസമിതി സംസ്ഥാന പ്രസിഡന്റ് എസ്.പ്രഹ്ലാദൻ അധ്യക്ഷനായി. കെ.ഡി.എഫ്. നേതാക്കളായ രാജൻ വെമ്പിളി, എസ്.പി.മഞ്ജു, ശ്രീമൂലനഗരം രാധാകൃഷ്ണൻ, ശൂരനാട് അജി, സുധീഷ് പയ്യനാട്, സുരേഷ് വെങ്ങാനൂർ, സുശീലാ മോഹനൻ, മധുമോൾ പഴയിടം, വിളപ്പിൽശാല പ്രേംകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.