മല്ലപ്പള്ളി(പത്തനംതിട്ട): കൃഷിചെയ്യാനും നിർമാണപ്രവർത്തനങ്ങൾക്കും, വെള്ളം ഒരു ഘടകമായ എല്ലാ പദ്ധതികൾക്കും സഹായകമാകുന്ന വിവരങ്ങൾ ഒറ്റനോട്ടത്തിൽ ലഭിക്കും. സംസ്ഥാനസർക്കാർ സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്‌മെന്റ് ആണ് ഇത് സാധ്യമാക്കുക.

മഴ, ഉപരിതലജലം, ഭൂഗർഭജലം എന്നിവയുടെ വിശദമായ അളവുകൾ പ്രസിദ്ധീകരിക്കും. പഞ്ചായത്തുതിരിച്ച് നൽകാൻ കഴിയുമോയെന്ന് പരിശോധിക്കുന്നതായി സി.ഡബ്ല്യു.ആർ.ഡി.എം. എക്സിക്യുട്ടീവ് ഡയറക്ടർ മനോജ് പി.സാമുവേൽ പറഞ്ഞു. സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, സംസ്ഥാന ഭൂജലവകുപ്പ്, ജലസേചനവകുപ്പ്, കാലാവസ്ഥാ വിഭാഗം, ഇന്ത്യാ മെറ്റീരിയോളജിക്കൽ വകുപ്പ്, ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി തുടങ്ങിയവയുടെ സഹായത്തോടെയാണ് നടപടി.

ഓരോ പ്രദേശത്തെയും ജലലഭ്യത സംബന്ധിച്ച വിവരങ്ങൾ ഇൻറർനെറ്റിൽ പ്രത്യേക പോർട്ടലിൽ നൽകും. ഇവ വിശകലനംചെയ്ത് വരുംനാളുകളിലെ സ്ഥിതി കണക്കുകൂട്ടാനാകും. കാർഷികപദ്ധതികൾ നടപ്പാക്കുന്നതിലും ഏത് വിളകൾ വേണമെന്നതിലും കൃത്യമായ ആസൂത്രണം നടത്താൻ കഴിയും. വെള്ളം സംബന്ധിച്ച് സംസ്ഥാനത്തിന്റെ ആധികാരികരേഖയായി മാറുന്ന വിവരങ്ങളാണ് ഉണ്ടാകുക. ജലവൊളന്റിയർമാർക്ക് പഞ്ചായത്തുതലത്തിൽ പരിശീലനം നൽകാനും സി.ഡബ്ല്യു.ആർ.ഡി.എം. നടപടിയെടുക്കുന്നുണ്ട്.