കൊച്ചി: കർണാടക അതിർത്തിയിലെ യാത്രാ നിയന്ത്രണത്തിൽ ഇളവ് ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി വിധിപറയാൻ മാറ്റി. എ.കെ.എം. അഷറഫ് എം.എൽ.എ., പൊതുപ്രവർത്തകനായ കെ.ആർ. ജയാനന്ദ എന്നിവരുടെ ഹർജികളാണു മാറ്റിയത്.

കോവിഡ് ഒന്നാംഡോസ് വാക്സിൻ എടുത്തവരും 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ. ടെസ്റ്റിന്റെ ഫലവുമായി വരണമെന്നതടക്കമുള്ള കർണാടക സർക്കാരിന്റെ നിബന്ധനയെയാണ് ഹർജിയിൽ ചോദ്യംചെയ്യുന്നത്.

ബുധനാഴ്ച ഹർജി പരിഗണിച്ചപ്പോൾ കേരള സർക്കാർ വിഷയം ഉന്നയിച്ചിട്ടില്ലെന്നും ഹർജിക്കാർക്ക് അനുകൂലമായി ഉത്തരവുണ്ടായാൽ കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരാകുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. അത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബോധിപ്പിച്ചു.

നിയന്ത്രണം ഏർപ്പെടുത്തി ജൂലായ് 31-ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കണമെന്നായിരുന്നു കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവ്. വിഷയത്തിൽ ഇടപെടാൻ കേരള ഹൈക്കോടതിക്ക് അധികാരപരിധിയില്ലെന്ന് കർണാടകത്തിനായി ഹാജരായ അഡ്വക്കേറ്റ് ജനറൽ വാദിച്ചു.