കൊല്ലം : കോൺഗ്രസിലെ അനൈക്യത്തിനെതിരേ നിലപാടു കടുപ്പിച്ച് ആർ.എസ്.പി. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയെപ്പറ്റി ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. യോഗങ്ങളിൽനിന്നു വിട്ടുനിൽക്കുമെന്ന് പാർട്ടി പ്രഖ്യാപിക്കുന്നതിൽവരെയെത്തി കാര്യങ്ങൾ. കോൺഗ്രസ് തെറ്റു തിരുത്തണമെന്നും ഘടകകക്ഷികളുടെ അഭിപ്രായങ്ങൾ പരിഗണിക്കണമെന്നും സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ചൂണ്ടിക്കാട്ടി. മുന്നണിമാറ്റത്തിനു സമയമായെന്ന അഭിപ്രായം അണികളിലും ശക്തമായുണ്ട്. എന്നാൽ, ധൃതിപിടിച്ചുള്ള പ്രഖ്യാപനം ഉണ്ടാകില്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

യു.ഡി.എഫിൽ ചേർന്നശേഷമുള്ള രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും സമ്പൂർണ പരാജയം ഏറ്റുവാങ്ങിയതാണ് ആർ.എസ്.പി.യെ പ്രകോപിപ്പിച്ചത്. ചവറയടക്കം വിജയമുറപ്പിച്ചിരുന്ന സീറ്റുകളിൽപ്പോലും പിന്നോട്ടുപോയത് കോൺഗ്രസിന്റെ വീഴ്ചമൂലമാണെന്നാണ് പാർട്ടി കരുതുന്നത്.

പരാജയത്തിൽനിന്നു പാഠമുൾക്കൊണ്ട് പാർട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താനല്ല, മറിച്ച് പാളയത്തിൽപ്പട നടത്താനാണ് കോൺഗ്രസിനു താത്‌പര്യമെന്ന് ആർ.എസ്.പി. വിമർശിക്കുന്നു. കോൺഗ്രസ് നേതാക്കൾ സ്വയം കപ്പൽ മുക്കുകയാണെന്ന് ആർ.എസ്.പി. നേതാവ് ഷിബു ബേബിജോൺ തുറന്നടിച്ചു. അങ്ങനെ മുക്കുന്ന കപ്പലിൽനിന്നു പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു. മറ്റാരും ഇത്ര രൂക്ഷമായി പ്രതികരിച്ചിട്ടില്ലെങ്കിലും ബഹുഭൂരിപക്ഷം പ്രവർത്തകരുടെയും അഭിപ്രായം അതുതന്നെയാണെന്ന് നേതാക്കൾ പറയുന്നു. യു.ഡി.എഫിൽ കെട്ടുറപ്പുണ്ടാകണമെങ്കിൽ കോൺഗ്രസ് അച്ചടക്കമുള്ള പാർട്ടിയാകണം. മുതിർന്ന നേതാക്കൾപോലും ഗ്രൂപ്പുകളിക്കുന്നത് അവസാനിപ്പിക്കണമെന്നും ആർ.എസ്.പി. ആവശ്യപ്പെടുന്നു.

ഉഭയകക്ഷി ചർച്ച ആവശ്യപ്പെട്ട് ആർ.എസ്.പി. കത്തുനൽകിയിട്ട് ഒന്നരമാസത്തോളമായി. നേതാക്കളുടെ പ്രതികരണത്തെത്തുടർന്ന് യു.ഡി.എഫ്. യോഗത്തിനുമുമ്പ് ചർച്ച നടത്തുമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആർ.എസ്.പി. സംസ്ഥാന കമ്മിറ്റിയും ചേരുന്നുണ്ട്.